സ്വപ്നം കണ്ട് ബഹളം വയ്ക്കുന്നതോ കൈകാലുകള്‍ ശക്തിയായി ചലിപ്പിക്കുന്നതോ സൂചിപ്പിക്കുന്നതെന്ത്?

By Web TeamFirst Published Jun 1, 2023, 10:39 AM IST
Highlights

അധികവും നാല്‍പതുകളിലുള്ളവരിലാണത്രേ ഈ പ്രശ്നം കാണുന്നത്. എന്നാല്‍ നാല്‍പതിന് താഴെ പ്രായം വരുന്ന ചെറിയൊരു വിഭാഗം പേരിലും ഇത് കാണാം. അധികവും ഡിപ്രഷന് കഴിക്കുന്ന മരുന്നുകളാണ് യുവാക്കളില്‍ ഈ പ്രശ്നത്തിന് കാരണമാകുന്നത്.

ഉറക്കത്തില്‍ സ്വപ്നം കാണാത്തവര്‍ ഉണ്ടാകില്ല. എങ്കിലും ഏവരും പതിവായി ഉറക്കത്തില്‍ സ്വപ്നം കാണുന്നവരുമായിരിക്കില്ല. സ്വപ്നം കാണുന്തും, എന്താണ് സ്വപ്നത്തില്‍ കാണുന്നതെന്നും ഉറക്കത്തിലാണെങ്കിലും സ്വപ്നത്തോട് എങ്ങനെയുള്ള സമീപനമാണ് നമുക്കുള്ളതെന്നുമെല്ലാം നമ്മുടെ മാനസിക സാഹചര്യങ്ങളുടെയും ജീവിതസാഹചര്യങ്ങളുടെയുമെല്ലാം ഒരു പ്രതിഫലനം തന്നെയാണ്. 

എന്നാല്‍ നാമിവിടെ ചര്‍ച്ച ചെയ്യാൻ പോകുന്നത് ഇതില്‍ നിന്ന് അല്‍പം കൂടി വ്യത്യാസപ്പെട്ട് കിടക്കുന്ന മറ്റൊരു വിഷയമാണ്. ഉറക്കത്തില്‍ സ്വപ്നം കാണുന്നതിനിടെ നിലവിളിക്കുകയോ ബഹളം വയ്ക്കുകയോ കൈകാലുകള്‍ ശക്തിയായി ചലിപ്പിക്കുകയോ എല്ലാം ചെയ്യുന്ന ശീലത്തെ കുറിച്ചാണ് വിശദീകരിക്കാൻ പോകുന്നത്. 

ഇങ്ങനെയുള്ള ശീലമുണ്ടാകുന്നത് ആര്‍ഇഎം (റാപിഡ് ഐ മൂവ്മെന്‍റ്) സ്ലീപ് ബിഹേവിയര്‍ ഡിസോര്‍ഡര്‍/ ആര്‍ബിഡി ഉള്ളവരിലായിരിക്കും. ആര്‍ഇഎം എന്നാല്‍ നമ്മുടെ ഉറക്കത്തിന്‍റെ ഒരു ഘട്ടമാണ്. ഈ ഘട്ടത്തിലാണ് നാം സ്വപ്നം കാണുന്നതും ഓര്‍മ്മകളും വികാരങ്ങളുമെല്ലാം 'റീഫ്രഷ്' ആകുന്നതും തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനുള്ള പ്രക്രിയകള്‍ നടക്കുന്നതുമെല്ലാം. 

ഈ സമയത്ത് നമ്മുടെ മസിലുകളൊന്നും അനങ്ങുന്ന അവസ്ഥയിലായിരിക്കില്ല. എന്നാല്‍ ആര്‍ഇഎം സ്ലീപ് ബിഹേവിയര്‍ ഡിസോര്‍ഡറുള്ളവരാണെങ്കില്‍ അവര്‍ ഈ ഘട്ടത്തില്‍ സ്വപ്നങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ബഹളം വയ്ക്കുകയും കൈകാലുകള്‍ ശക്തിയായി ചലിപ്പിക്കുകയുമെല്ലാം ചെയ്യുന്നു. 

ഇത്തരത്തില്‍ കൈകാലുകള്‍ ചലിപ്പിക്കുന്നത് സ്വയമോ അല്ലെങ്കില്‍ കൂടെ കിടക്കുന്നവര്‍ക്കോ അപകടം സംഭവിക്കാനും കാരണമാകാം. 

അധികവും നാല്‍പതുകളിലുള്ളവരിലാണത്രേ ഈ പ്രശ്നം കാണുന്നത്. എന്നാല്‍ നാല്‍പതിന് താഴെ പ്രായം വരുന്ന ചെറിയൊരു വിഭാഗം പേരിലും ഇത് കാണാം. അധികവും ഡിപ്രഷന് കഴിക്കുന്ന മരുന്നുകളാണ് യുവാക്കളില്‍ ഈ പ്രശ്നത്തിന് കാരണമാകുന്നത്.

എന്തായാലും ഈ പ്രശ്നം ഭാവിയില്‍ പാര്‍ക്കിൻസണ്‍സ്, ഡിമെൻഷ്യ പോലുള്ള- തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ പിടിപെട്ടേക്കാമെന്നതിന്‍റെ സൂചനയുമാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓര്‍മ്മശക്തി നഷ്ടമാകല്‍, ചിന്താശേഷിയിലും ചലനശേഷിയിലുമെല്ലാം അപാകതകള്‍ എന്നിങ്ങനെയുള്ള പ്രയാസങ്ങളാണ് ഇത്തരം രോഗങ്ങളെല്ലാം ഉണ്ടാക്കുക. ഇവ ചികിത്സയിലൂടെ ഭേദപ്പെടുത്താനും സാധിക്കില്ല. അധികവും പ്രായാധിക്യം മൂലമാണ് ഈ രോഗങ്ങള്‍ ആളുകളില്‍ പിടിപെടാറ്. 

പാര്‍ക്കിൻസണ്‍സ് രോഗികളില്‍ 25-28 ശതമാനം പേരിലും ആര്‍ബിഡി കണ്ടെത്തിയതായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഇത്തരം രോഗങ്ങളില്‍ ആര്‍ബിഡിക്ക് പുറമെ ചില സൂചനകള്‍ കൂടി നേരത്തെ കാണാം. ഗന്ധം പിടിച്ചെടുക്കാൻ കഴിയാത്ത അവസ്ഥ, ഉദ്ധാരണപ്രശ്നങ്ങള്‍, ചില നിറങ്ങള്‍ വ്യക്തമാകാത്ത അവസ്ഥ, അസാധാരണമായ വിറയല്‍ - പേശികള്‍ ചുരുങ്ങുകയും വേദനയും എന്നിവയും പാര്‍ക്കിൻസണ്‍സ് - ഡിമെൻഷ്യ രോഗങ്ങളില്‍ നേരത്തേ കാണാവുന്ന ലക്ഷണങ്ങളാണ്. 

Also Read:- 'ഹാര്‍ട്ട് അറ്റാക്ക്' മൂലം ഇന്ത്യയില്‍ ഇത്രയധികം മരണം സംഭവിക്കുന്നത് എങ്ങനെ? ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!