ഗര്‍ഭിണി രണ്ടാമതും ഗര്‍ഭിണിയായി, രണ്ട് കുട്ടികള്‍ക്കും ജന്മം നല്‍കി; അത്യപൂര്‍വമെന്ന് ഡോക്ടര്‍മാര്‍

By Web TeamFirst Published Apr 9, 2021, 6:28 PM IST
Highlights

ആദ്യത്തെ പരിശോധനയില്‍ എന്തെങ്കിലും പിഴവ് വന്നതാകാമെന്നും ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചതെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു ഗര്‍ഭം ധരിച്ചിരിക്കെ രണ്ടാമതും ഗര്‍ഭിണിയായതാണെന്ന് പരിശോധനയില്‍ വ്യക്തമായി.
 

ലണ്ടന്‍: വിവാഹിതരായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഗര്‍ഭം ധരിക്കാത്തതില്‍ വിഷമിച്ചിരിക്കുകയായിരുന്നു റെബേക്ക റോബര്‍ട്ടും ഭര്‍ത്താവും. വീട്ടില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. അള്‍ട്രാസൗണ്ട് പരിശോധനയില്‍ വ്യക്തമായതോടെയാണ് റെബേക്ക ഗര്‍ഭവിവരം വിശ്വസിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരു കുട്ടിയെ മാത്രമാണ് റബെക്ക ഗര്‍ഭം ധരിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ റബേക്ക രണ്ടാമതും ഗര്‍ഭിണിയായതായി വ്യക്തമായി. വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ടിലെ വില്‍റ്റ്‌ഷെയറിലാണ് സംഭവം.

സെപ്റ്റംബര്‍ ഏഴിനാണ് രണ്ടു തവണയായി ഗര്‍ഭം ധരിച്ച രണ്ട് കുട്ടികള്‍ക്ക് റബേക്ക ജന്മം നല്‍കിയത്. ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. ആദ്യം ഗര്‍ഭം ധരിച്ച കുട്ടിയുടെ പേര് നോഹ എന്നാണ്. 4 പൗണ്ടും 10 ഔണ്‍സുമായിരുന്നു കുട്ടിയുടെ ഭാരം. രണ്ടാമത്തെ കുട്ടിക്ക് വളര്‍ച്ച കുറവായിരുന്നു. രണ്ട് പൗണ്ടും ഏഴ് ഔണ്‍സുമാണ് ഭാരം. റോസലി എന്നാണ് കുട്ടിയുടെ പേര്.  

അഞ്ച് ആഴ്ചക്ക് ശേഷം നടത്തിയ സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് റബേക്കയുടെ ഗര്‍ഭ പാത്രത്തില്‍ രണ്ട് കുട്ടികള്‍ ഉള്ളതായി സൊനോഗ്രാഫര്‍ കണ്ടെത്തി.ഒരു കുട്ടിക്ക് വളര്‍ച്ച കുറവായിരുന്നു. ആദ്യത്തെ പരിശോധനയില്‍ എന്തെങ്കിലും പിഴവ് വന്നതാകാമെന്നും ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചതെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു ഗര്‍ഭം ധരിച്ചിരിക്കെ രണ്ടാമതും ഗര്‍ഭിണിയായതാണെന്ന് പരിശോധനയില്‍ വ്യക്തമായി. മനുഷ്യരില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണിത്. റബേക്കയുടെ ഗര്‍ഭം സൂപ്പര്‍ഫെറ്റേഷനായി മെഡിക്കല്‍ ലിറ്ററേച്ചറില്‍ രേഖപ്പെടുത്തിയെന്ന് റബേക്കയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഡേവിഡ് വാക്കര്‍ പറഞ്ഞു.

തന്റെ 25 വര്‍ഷത്തെ കരിയറില്‍ ആദ്യത്തെ സംഭവമാണിതെന്നും ഡോക്ടര്‍ പറഞ്ഞു. ആദ്യത്തെ കുട്ടിയേക്കാള്‍ മൂന്നാഴ്ച ചെറുപ്പമാണ് രണ്ടാമത്തെ കുട്ടി.ഗര്‍ഭിണിയായതിന് ശേഷം അണ്ഡോല്‍പാദനം നിലക്കാതെ അണ്ഡോല്‍പാദനം വീണ്ടും സംഭവിച്ചിരിക്കാമെന്ന് വാക്കര്‍ പറഞ്ഞു. ഗര്‍ഭം ധരിക്കുന്നതിനുള്ള മരുന്ന് ഇവര്‍ തുടര്‍ച്ചയായി ഉപയോഗിച്ചതായിരിക്കാം കാരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
 

click me!