
പലപ്പോഴും വീട്ടില്‍ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും തമ്മില്‍ മാറിപ്പോകുന്നത് നമുക്ക് സ്വാഭാവികമായിരിക്കും. ചെറിയ അബദ്ധങ്ങളാണ് സംഭവിക്കുന്നതെങ്കില്‍ അത് ചെറിയ രീതിയില്‍ തന്നെ അവസാനിക്കും. എന്നാല്‍ അപകടകരമായേക്കാവുന്ന അബദ്ധങ്ങളും അശ്രദ്ധ മൂലം സംഭവിക്കാം.
ഇത്തരത്തിലൊരു അനുഭവം പങ്കിട്ടിരിക്കുകയാണ് കണ്ടന്‍റ് ക്രിയേറ്ററായ ലിഡ് എന്ന യുവതി. ഒരു വീഡിയോയിലൂടെയാണ് ഇവര്‍ തനിക്ക് സംഭവിച്ച വളരെ ഗൗരവമുള്ളൊരു അബദ്ധത്തെ കുറിച്ച് പങ്കിട്ടത്.
കണ്ണിലിറ്റിക്കുന്ന മരുന്നാണെന്ന് കരുതി അബദ്ധത്തില്‍ ഇവര്‍ സൂപ്പര്‍ഗ്ലൂ എടുത്ത് കണ്ണിലൊഴിച്ചു. ഇതാണ് സംഭവം. എന്നാല്‍ ഇതുമൂലം താൻ നേരിട്ട ബുദ്ധിമുട്ടുകളെയും വേദനകളെയും കുറിച്ചാണ് ലിഡ് പറയുന്നത്.
സൂപ്പര്‍ഗ്ലൂ ഒഴിച്ചയുടനെ തന്നെ ഇവര്‍ക്ക് അബദ്ധം സംഭവിച്ചു എന്ന് മനസിലായി. കണ്‍പീലികള്‍ ഉടൻ തന്നെ തമ്മില്‍ ഒട്ടിപ്പോയി. കണ്ണ് തുറക്കാനാകാത്ത അവസ്ഥ. ഒടുവില്‍ ആശുപത്രിയില്‍ പോയി. അവിടെയെത്തിയ ശേഷം പശ അലിഞ്ഞ് ഇല്ലാതാകുന്നൊരു മരുന്ന് ഡോക്ടര്‍മാര്‍ പ്രയോഗിച്ചുനോക്കിയെങ്കിലും അത് ഫലം നല്‍കിയില്ലെന്നാണ് ലിഡ് പറയുന്നത്.
ശേഷം ഒരു മെറ്റല്‍ ഉപകരണം വച്ചുതന്നെ ഡോക്ടര്‍മാര്‍ കണ്‍പീലികള്‍ വേര്‍പെടുത്തിയെടുത്ത് കണ്ണ് തുറന്നുവെന്നും ലിഡ് പറയുന്നു. ഇതിനോടകം താൻ ഒരുപാട് വേദന അനുഭവിച്ചുവെന്നും ഇവര്‍ പറയുന്നു. അതേസമയം ഭാഗ്യവശാല്‍ ഇവരുടെ കാഴ്ചയ്ക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ല.
തനിക്കുണ്ടായ അനുഭവം ടിക് ടോക്കിലൂടെയാണ് ലിഡ് പങ്കുവച്ചിരിക്കുന്നത്. ഇനിയും ആര്‍ക്കും ഇത്തരത്തിലൊരു അപകടം സംഭവിക്കാതിരിക്കാനാണ് താനിത് പങ്കുവയ്ക്കുന്നതെന്നും ഏത് ഉത്പന്നമാണെങ്കിലും അത് ഉപയോഗിക്കുന്നതിന് മുമ്പായി തന്നെ അതിന്‍റെ ലേബല്‍ വായിച്ച് ഉറപ്പുവരുത്താൻ മറക്കരുതെന്നും ലിഡ് ഇതോടെ ഓര്‍മ്മപ്പെടുത്തുന്നു.
മുമ്പ് ഒരു യുവതി ഇതുപോലെ അബദ്ധത്തില്‍ മുടിയില്‍ തേക്കുന്ന ക്രീമിന് പകരം ഗ്ലൂ തേച്ചതോടെ അവരുടെ മുടി ഒരു ഭാഗത്ത് കട്ടയായിപ്പോവുകയും പിന്നീട് അത് നീക്കം ചെയ്യാൻ ഡോക്ടര്‍മാര്‍ ഏറെ പ്രയാസപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Also Read:- 'വിവാഹദിവസം ഇങ്ങനെയെങ്കില്‍ ബാക്കി എങ്ങനെ ആയിരിക്കും'; വീഡിയോ വൈറലാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam