ദിവസത്തില്‍ 20ഉം 22ഉം മണിക്കൂര്‍ ഉറങ്ങുന്ന യുവതി; ഇത് അപൂര്‍വമായ അവസ്ഥ

Published : Mar 01, 2023, 10:49 PM IST
ദിവസത്തില്‍ 20ഉം 22ഉം മണിക്കൂര്‍ ഉറങ്ങുന്ന യുവതി; ഇത് അപൂര്‍വമായ അവസ്ഥ

Synopsis

2017ലാണത്രേ ജൊവാന്നയ്ക്ക് ആദ്യമായി ഇത് സംബന്ധിച്ച പ്രയാസങ്ങള്‍ നേരിട്ടുതുടങ്ങിയത്. രാത്രി മുഴുവൻ തടസമില്ലാതെ ഉറങ്ങിയാലും പകല്‍ അസഹനീയമായ ക്ഷീണം അനുഭവപ്പെടും. ജോലി ചെയ്യാനോ മറ്റ് കാര്യങ്ങള്‍ക്കോ ഒന്നും കഴിയാത്ത അവസ്ഥ. ക്ലബ്ബിലോ കാറിലോ വരെ ഇരുന്ന് ഉറങ്ങും.

ഉറങ്ങാനിഷ്ടമില്ലാത്തവര്‍ ആരാണ്? മണിക്കൂറുകളോളം പുതച്ചുമൂടി എല്ലാം മറന്ന് സുഖസുന്ദരമായി ഉറങ്ങാൻ സാധിച്ചാല്‍ അതുതന്നെ ഏറ്റവും വലിയ സന്തോഷമെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍ ജീവിതത്തില്‍ മറ്റ് കാര്യങ്ങളൊന്നും നടക്കാതെ, ഒന്നിനും സമയം കിട്ടാതെ ഉറക്കം മാത്രമായാലോ! 

അങ്ങനെ നിരന്തരം ഉറങ്ങുന്നവരും ഏറെയാണ്. എങ്കിലും അവരില്‍ പോലും ഉറക്കത്തിന് പരിമിതിയുണ്ടാകും. പരമാവധി പത്ത് മണിക്കൂര്‍, അതിലും കൂടുതല്‍ സമയം പതിവായി ഉറങ്ങാൻ സാധിക്കുമോ? അതിലുമധികം സമയം പതിവായി ഉറങ്ങിയാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ പിന്നെ മറ്റൊന്നിനും സമയം കാണില്ല.

ഈ ഒരവസ്ഥയിലൂടെ കടന്നുപോവുകയാണ് യുകെയില്‍ നിന്നുള്ള ഒരു യുവതി. ദിവസത്തില്‍ ഇരുപതും ഇരുപത്തിരണ്ടും മണിക്കൂറുകളാണ് ഇവര്‍ ഉറങ്ങിത്തീര്‍ക്കുന്നത്. 'ഇഡിയോപതിക് ഹൈപ്പര്‍സോമ്നിയ' എന്ന അപൂര്‍മായ രോഗാവസ്ഥയാണ് മുപ്പത്തിയെട്ടുകാരിയായ ജൊവാന്ന കോക്സിനെ ഈ ദുരവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുന്നത്. 

എന്തുകൊണ്ടാണ് ഈ രോഗം പിടിപെടുന്നത് എന്ന് ഇതുവരെയും ശാസത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇതിന് ഫലപ്രദമായ ചികിത്സയും നിശ്ചയിക്കപ്പെട്ടിട്ടില്ല. 

2017ലാണത്രേ ജൊവാന്നയ്ക്ക് ആദ്യമായി ഇത് സംബന്ധിച്ച പ്രയാസങ്ങള്‍ നേരിട്ടുതുടങ്ങിയത്. രാത്രി മുഴുവൻ തടസമില്ലാതെ ഉറങ്ങിയാലും പകല്‍ അസഹനീയമായ ക്ഷീണം അനുഭവപ്പെടും. ജോലി ചെയ്യാനോ മറ്റ് കാര്യങ്ങള്‍ക്കോ ഒന്നും കഴിയാത്ത അവസ്ഥ. ക്ലബ്ബിലോ കാറിലോ വരെ ഇരുന്ന് ഉറങ്ങും.

ആദ്യമെല്ലാം തനിക്ക് വിഷാദമാണെന്നായിരുന്നു ഡോക്ടര്‍മാര്‍ ചിന്തിച്ചിരുന്നതെന്ന് ജൊവാന്ന പറയുന്നു. എന്നാല്‍ വിഷാദത്തിന്‍റെ മറ്റ് ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാകാതിരുന്നതിനാല്‍ പിന്നീട് ഡോക്ടര്‍മാര്‍ വിഷാദമല്ല എന്ന സ്ഥിരീകരണത്തിലെത്തി. 

ദിവസങ്ങള്‍ കൂടുംതോറും പതിയെ പതിയെ ജൊവാന്നയുടെ പ്രശ്നങ്ങള്‍ കൂടിത്തുടങ്ങി. എത്ര ഉറങ്ങിയാലും എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം, ഓര്‍മ്മക്കുറവ്, കാര്യങ്ങളില്‍ അവ്യക്തത തുടങ്ങിയ പ്രശ്നങ്ങള്‍. അങ്ങനെ 2019ല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി പിന്നീട് സ്ഥിരമായി വീട്ടില്‍ തന്നെയായി.

ഇതിനിടെ 2021 ആയപ്പോഴേക്ക് ഒരുപാട് വിദഗ്ധരുടെ സഹായത്തോടെ ജൊവാന്നയുടെ രോഗം കണ്ടെത്തപ്പെട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗവുമായി പൊരുതുകയെന്നത് മാത്രമേ ഇനി തനിക്ക് മുന്നിലുള്ള ഏകമാര്‍ഗമെന്ന് ഇവര്‍ മനസിലാക്കി. 

ഇപ്പോള്‍ ഇല്ലാത്ത പല കാഴ്ചകളും കാണുന്നുവെന്ന പ്രശ്നവും ഇവര്‍ നേരിടുന്നുണ്ട്. നൂറുകണക്കിന് എട്ടുകാലികള്‍ കിടക്കയിലൂടെ ഇഴയുന്നതും മറ്റുമാണ് താൻ കാണുന്ന കാഴ്ചയെന്നാണ് ഇവര്‍ പറയുന്നത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഉറങ്ങുന്നതിനാല്‍ സമയത്തെ കുറിച്ച് അറിവില്ലാതാകും. ദിവസങ്ങളെ കുറിച്ച് അറിവില്ലാതാകും. ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ സാധിക്കുന്നില്ല.

പുറത്തുപോകാനോ, സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടാനോ, എന്തെങ്കിലും പരിപാടികള്‍ക്ക് പങ്കെടുക്കാനോ ഒന്നും സാധിക്കില്ല. എവിടെ നിന്നെങ്കിലും തന്നെ ചികിത്സിക്കാനൊരു വിദഗ്ധനായ ഡോക്ടറെ ലഭിക്കുമെന്നും അതിലൂടെ തന്‍റെ രോഗത്തിന് ശമനം ലഭിക്കുമെന്നുമാണ് ഇപ്പോള്‍ ജൊവാന്നയുടെ പ്രതീക്ഷ. അപൂര്‍വമായ രോഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. 

Also Read:- കൊവിഡ് വൈറസ് ആദ്യമായി വന്നത് എവിടെ നിന്ന്? ഏറ്റവും നിര്‍ണായകമായ വിവരം പങ്കുവച്ച് എഫ്ബിഐ

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ