ഭര്‍ത്താവിന്റെ വെടിയേറ്റ് തകര്‍ന്ന മുഖം മാറ്റിവച്ചു; അമ്പത്തിയേഴാം വയസില്‍ മരണം

By Web TeamFirst Published Aug 1, 2020, 11:01 PM IST
Highlights

നിരന്തരം കലഹത്തിലായിരുന്ന ദാമ്പത്യമായിരുന്നു കോനിയുടേത്. നാല്‍പത്തിയൊന്നാം വയസില്‍ ഭര്‍ത്താവുമൊത്തുണ്ടായ ഒരു വാക്കേറ്റം പിന്നീട് അതിക്രമത്തിലെത്തുകയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാതെ തന്റെ തോക്കെടുത്ത് ഭര്‍ത്താവ് കോനിക്കെതിരെ നിറയൊഴിച്ചു

യുഎസില്‍ ആദ്യമായി മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോനി കള്‍പ് എന്ന അമ്പത്തിയേഴുകാരി മരിച്ചു. ഏറെ നാളായി ശാരീരികമായി അവശനിലയിലായിരുന്ന കോനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ എന്തായിരുന്നു അസുഖമെന്നോ എങ്ങനെയാണ് മരണം സംഭവിച്ചതെന്നോ വ്യക്തമല്ല. കോനിക്ക് മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയാണ് ട്വീറ്റിലൂടെ ഇവരുടെ മരണം സ്ഥിരീകരിച്ചത്. 

നിരന്തരം കലഹത്തിലായിരുന്ന ദാമ്പത്യമായിരുന്നു കോനിയുടേത്. നാല്‍പത്തിയൊന്നാം വയസില്‍ ഭര്‍ത്താവുമൊത്തുണ്ടായ ഒരു വാക്കേറ്റം പിന്നീട് അതിക്രമത്തിലെത്തുകയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാതെ തന്റെ തോക്കെടുത്ത് ഭര്‍ത്താവ് കോനിക്കെതിരെ നിറയൊഴിച്ചു. 

വെടിയേറ്റത് മുഖത്തിനായിരുന്നു. മൂക്കും കവിളുകളും അണ്ണാക്കും ഒരു കണ്ണും വെടിയേറ്റ് പാടെ തകര്‍ന്നുപോയി. തുടര്‍ന്ന് സ്വയം വെടിവച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഭര്‍ത്താവ് മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ ഏഴ് വര്‍ഷത്തെ തടവിനും വിധിക്കപ്പെട്ടു. 

 


(കോനിയുടെ പഴയ ചിത്രം...)

 

മുഖമാകെ തകര്‍ന്നുപോയ കോനിക്ക് ജീവന്‍ നിലനിര്‍ത്തുന്നതിന് മാത്രം നിരവധി സര്‍ജറികള്‍ ചെയ്യേണ്ടിവന്നു. അതിന് ശേഷം മുഖത്തിന്റെ ഘടന പഴയത് പോലെയാക്കാന്‍ ഡോക്ടര്‍മാര്‍ ആകുന്നതും ശ്രമിച്ചു. മുപ്പതോളം ശസ്ത്രക്രിയ ഇതിനായി നടത്തി. എന്നാല്‍ ആ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 

ശേഷമാണ് മരിച്ചുപോയ ഒരാളുടെ മുഖം കോനിയുടെ മുഖമാക്കി തുന്നിച്ചേര്‍ക്കാനുള്ള നിര്‍ണായകമായ തീരുമാനത്തിലേക്ക് ഡോക്ടര്‍മാരെത്തുന്നത്. അങ്ങനെ 2008ല്‍ 22 മണിക്കൂര്‍ നീണ്ട ആ ശസ്ത്രക്രിയ നടന്നു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. 

 

 

എണ്‍പത് ശതമാനത്തോളം ശസ്ത്രക്രിയ വിജയിച്ചു. എങ്കിലും വേദനാജനകമായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിതവും. തടവിന് ശിക്ഷിക്കപ്പെട്ട ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടിയ കോനി പിന്നീട്, ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദിച്ചു. തന്റേതല്ലാത്ത മുഖവുമായി വര്‍ഷങ്ങളോളം അവര്‍ ജീവിച്ചു. ഒടുവിലിതാ ദുരൂഹമായി അവര്‍ മരണത്തിലേക്കും നടന്നുകയറിയിരിക്കുകയാണ്.

Also Read:- യുഎഇയിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം...

click me!