
ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ലാലാപേട്ടിലെ ഒരു സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ശ്യാം യാദവ് (38) എന്നയാളാണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ശ്വാസം മുട്ടി തറയിൽ വീഴുകയായിരുന്നു.
ലാലാപേട്ടിലെ പ്രൊഫ. ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി 7.30 ഓടെയാണ് സംഭവം. ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ശ്യാം പതിവായി ബാഡ്മിന്റൺ കളിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഇന്നലെയും പതിവുപോലെ സ്‌റ്റേഡിയത്തിലേക്ക് പോയിരുന്നു.
ബാഡ്മിന്റൺ കളിക്കുന്നതിനിടെയാണ് പെട്ടെന്ന് ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയും പിന്നീട് മരിക്കുകയും ചെയ്തത്. ഇയാളെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഒരു ദിവസം മുമ്പ്, ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നിർമൽ ജില്ലയിലെ പാർഡി ഗ്രാമത്തിൽ ഒരു ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ നൃത്തം ചെയ്യുന്നതിനിടെ 19 കാരനായ ഒരാൾ കുഴഞ്ഞുവീണു മരിച്ചിരുന്നു. പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബന്ധുവിന്‌റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി തെലങ്കാനയിൽ എത്തിയതായിരുന്നു യുവാവ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹ റിസ്പഷനെത്തിയവരുടെ ഒപ്പം 19കാരൻ സന്തോഷത്തോട് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. നൃത്തം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതത്തെ തുടർന്നാണ് യുവാവിന്റെ മരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു, സമീപകാലത്തായി ചെറുപ്പക്കാരായ ആളുകൾ കുഴഞ്ഞുവീണ് മരിക്കുന്നതിനെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
വേനൽചൂട് ; സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam