സ്വാതന്ത്ര്യ സ്മരണകള്‍ പേറി ആലുവ, പോരാട്ട സ്മരണ ഉയർത്തി യു സി കോളേജിൽ ഗാന്ധിജി നട്ട മാവ്

By Web TeamFirst Published Aug 15, 2022, 5:34 AM IST
Highlights

1937 ലാണ് ഗാന്ധിജി വീണ്ടും ആലുവയിലെത്തിയത്. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായി എത്തിയ അദ്ദേഹം ശിവരാത്രി മറപ്പുറത്തെ പൊതുയോഗത്തിൽ പ്രസംഗിച്ചു

കൊച്ചി : എറണാകുളം ആലുവയ്ക്കും പറയാനുണ്ട് സ്വാതന്ത്ര്യ സമരപോരാട്ടത്തിന്‍റെ കഥകൾ. 1925 ലും 37 ലും ഗാന്ധിജി ആലുവയിലെത്തി സമരപോരാളികൾക്ക് ഊർജം പകർന്നു. ആലുവ യു സി കോളേജിൽ ഗാന്ധിജി നട്ട മാവ് ഇന്നും തണൽ വിരിച്ച് നിൽക്കുന്നു

തണൽ വിരിച്ചു നിൽക്കുന്ന  മാവ് 1928 ൽ മഹാത്മജി നട്ടതാണ്. വിദ്യാർഥികളുടെ നിർബന്ധത്തെത്തുടർന്നാണ് സന്ദർശനത്തിനിടെ ഗാന്ധിജി തൈ നട്ടത്

അന്ന് ആട്ടിൻ പാൽ നൽകിയാണ് ഗാന്‍ധിജിയെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. കുട്ടികളോട് ഏറെ നേരം സംവദിച്ച ഗാന്ധിജി വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വിവരിച്ചു. നഗരത്തിന്‍റെ  ഒരു കോണിൽ കലാലയം സ്ഥാപിച്ച അധികൃതരെ അഭിനന്ദിച്ച അദ്ദേഹം DELIGHTED WITH THE IDEAL SITUATION എന്ന് സന്ദർശന ഡയറിയിൽ എഴുതിയാണ് മടങ്ങിയത്.

1937 ലാണ് ഗാന്ധിജി വീണ്ടും ആലുവയിലെത്തിയത്. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായി എത്തിയ അദ്ദേഹം ശിവരാത്രി മറപ്പുറത്തെ പൊതുയോഗത്തിൽ പ്രസംഗിച്ചു. ദളിത് ബാലികയായ കാർ‍ത്ത്യായനിയാണ് അന്ന് ഗാന്ധിജിയെ മാലയിട്ട് സ്വീകരിച്ചത്. കാർത്ത്യായനിയെ മടിയിൽ പിടിച്ചിരുത്തിയ അദ്ദേഹം കുഞ്ഞേ നിന്‍റെ ഭാഷ എനിക്ക് അറിയില്ല പക്ഷേ നിന്‍റെ കണ്ണുകളുടെ ഭാഷ എനിക്ക് മനസ്സിലാവും എന്ന് പറ‍ഞ്ഞു. ഗാന്ധിജി തെളിച്ച ആ ചൈതന്യം ഇന്നും ഇവിടെ നിറഞ്ഞ് നിൽക്കുന്നു 

വിഭജന സമയത്ത് മുറിവുണക്കി മുസ്ലിംങ്ങളെ ഇന്ത്യയോട് ചേർത്തുപിടിച്ച ' മൗലാന അബുൾ കലാം ആസാദ്'

ദില്ലി: സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കാര്യമായി ഓർക്കാത്ത പേരുകളിലൊന്നാണ് മൗലാന അബുൾ കലാം ആസാദിൻറേത്. ദില്ലിയിലെ ജമാ മസ്ജിദിൽ മൌലാന ആസാദ് നടത്തിയ ഒറ്റ പ്രസംഗമാണ് വിഭജനകാലത്തെ വലിയ ഭിന്നതകൾക്കിടയിലും ആയിരക്കണക്കിന് മുസ്ലിംങ്ങളെ ഇന്ത്യയിൽ നിൽക്കാൻ പ്രേരിപ്പിച്ചത്. മൗലാന അബുൾ കലാം ആസാദിൻറെ ശബ്ദം  ആ ജമാ മസ്ജിദിൽ മുഴങ്ങിയത് 1947 ഒക്ടോബറിലാണ്. അന്ന് ഇന്ത്യ രണ്ടായി നിന്ന കാലമായിരുന്നു. ഇന്ത്യൻ മുസ്ലിംങ്ങളോട് ഇന്ത്യയിൽ ഉറച്ചു നിൽക്കാൻ മൗലാന ആസാദ് നിർദ്ദേശിച്ചു. തൻറെ വാക്കുകൾ നേരത്തെ കേൾക്കാതിരുന്നതിലുള്ള അതൃപ്തിയും ആസാദ് അറിയിച്ചു.

എത്രയോ തവണ ജമാമസ്ജിദിലെ ആൾക്കൂട്ടത്തോട് ഞാൻ ഇവിടെ നിന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പ് ഇത്രയും ഭയാശങ്ക നിങ്ങളുടെ മുഖത്ത് അപ്പോഴൊന്നും കണ്ടിട്ടില്ല. ഞാൻ മുന്നോട്ടു നടന്നപ്പോൾ നിങ്ങൾ എൻറെ കാലുകൾ ഒടിച്ചു. ഞാൻ പറഞ്ഞതിനൊന്നും നിങ്ങൾ ചെവി കൊടുത്തില്ല. വികാരഭരിതനായി മൗലാന ആസാദ് അന്നു നടത്തിയ ആ പ്രസംഗം പാകിസ്ഥാനിലേക്കുള്ള ഇന്ത്യയിലെ മുസ്ലിംങ്ങളുടെ ഒഴുക്ക് കുറച്ചു. മതേതര ഇന്ത്യയ്ക്കൊപ്പം അവർ നില്ക്കാൻ സഹായിച്ചു. 

ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിൽ നിർണ്ണയാക പങ്കാണ് മൗലാന ആസാദ് വഹിച്ചത്. രാജ്യത്തെ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെ എന്നും ആസാദിൻറെ ശബ്ദം ഉയർന്നു. 1940ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴും ഈ രാജ്യത്തെ ആർക്കും മുറിക്കാൻ കഴിയില്ലെന്നാണ് മൗലാന ആസാദ് പറഞ്ഞത്. 75 കൊല്ലം സ്വതന്ത്ര മതേതര ഇന്ത്യയ്ക്ക് ആസാദിൻറെ ഈ വാക്കുകളും കരുത്ത് പകർന്നു. മുപ്പത്തിയഞ്ചാം വയസിലാണ് മൗലാന ആസാദ് ആദ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അദ്ധ്യക്ഷനായത്. ജാമിയ മിലിയ സർവ്വകലാശാല അലിഗഡിൽ നിന്ന് ദില്ലിയിലേക്ക് മാറ്റി. ആസാദിനെ പിന്നീട് കോൺഗ്രസും മറന്നു.
 

click me!