Latest Videos

Brave Hearts : സൗരഭ് കാലിയ; 22 ദിവസം നരകയാതന സഹിച്ച് രക്തസാക്ഷിയായ 22-കാരന്‍!

By Web TeamFirst Published Mar 23, 2022, 1:06 PM IST
Highlights

Brave Hearts :കാര്‍ഗില്‍ യുദ്ധത്തിനിടെ മനുഷ്യ മനസ്സാക്ഷിയെ ഭയപ്പെടുത്തുന്ന കൊടുംക്രൂരതകളുടെ ഇരയായി മാറിയ സൈനികന്‍.

പിറന്നനാടിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരനായ  ഇന്ത്യന്‍ സൈനിക ഓഫീസറായിരുന്നു ക്യാപ്റ്റന്‍ സൗരഭ് കാലിയ (Saurabh Kalia). കാര്‍ഗില്‍ യുദ്ധത്തിനിടെ (Kargil War) മനുഷ്യ മനസ്സാക്ഷിയെ ഭയപ്പെടുത്തുന്ന കൊടുംക്രൂരതകളുടെ ഇരയായി മാറിയ സൈനികന്‍.

ഹിമാചല്‍ പ്രദേശിലെ പാലംപൂര്‍ സ്വദേശിയാണ് ക്യാപ്റ്റന്‍ സൗരഭ് കാലിയ. വെറും 22  വയസ്സുമാത്രം പ്രായം. 22 ദിവസം നീണ്ടുനിന്ന നരകയാതനകള്‍ക്ക് ശേഷം നാടിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികന്‍.

മരണക്കെണിയായി മാറിയ പട്രോള്‍ 

1999  മെയ് 15-നായിരുന്നു അത്. 121 ബ്രിഗേഡിലെ ക്യാപ്റ്റന്‍ സൗരഭ് കാലിയ അടങ്ങുന്ന ആറംഗ പട്രോള്‍ സംഘം  തങ്ങളുടെ പോസ്റ്റ് ലക്ഷ്യമാക്കി പട്രോളിനിറങ്ങി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അതിര്‍ത്തി രേഖ കടന്നുപോകുന്ന കാര്‍ഗിലിലെ ദ്രാസ്സ്-ബറ്റാലിക്ക് സെക്ടറില്‍ 18,000 അടി ഉയരത്തിലായിരുന്നു അവരുടെ പോസ്റ്റ്. 

ക്യാപ്റ്റന്‍ സൗരഭ് കാലിയ, ഫോര്‍ത്ത് ജാട്ട് റജിമെന്റിലെ അര്‍ജുന്‍ റാം, ലാല്‍ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ്ങ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മഞ്ഞു വീഴ്ച ശക്തമായതിനെത്തുടര്‍ന്ന് തങ്ങള്‍ ഉപേക്ഷിച്ചു പോന്ന ബജ് രംഗ് പോസ്റ്റിലെ ബങ്കറുകള്‍ വീണ്ടും വാസയോഗ്യമായോ എന്ന് വിലയിരുത്തുകയായിരുന്നു സംഘത്തിന്റെ ദൗത്യം.

ലഡാക്കിലെ മലനിരകളില്‍  പാക് നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ച കാര്യം അറിയാതെ ക്യാപ്റ്റന്‍ സൗരഭിന്റെ സംഘത്തിന്റെ പട്രോള്‍.  പാക് ഭീകരര്‍ വെടിവെച്ചതോടെ അവര്‍ വെടിയൊച്ച കേട്ടിടം ലക്ഷ്യമാക്കി തിരിച്ചും വെടിയുതിര്‍ത്തു കൊണ്ടിരുന്നു. താമസിയാതെ അവരുടെ വെടിയുണ്ടകള്‍ തീര്‍ന്നു. ഇന്ത്യന്‍ സൈനികരുടെ കയ്യിലെ ആയുധങ്ങള്‍ തീര്‍ന്നു എന്നുറപ്പായതോടെ ഒരു പ്ലാറ്റൂണ്‍ പാക്ക് സൈനികര്‍ താഴെയിറങ്ങി വന്നു. 

അവരുടെ പത്തിരട്ടി വരുന്ന സായുധരായ പാക് സൈന്യത്തിന് മുന്നില്‍ പെട്ടുപോയ ആ സംഘം എന്നിട്ടും നിര്‍ഭയം ചെറുത്തുനിന്നു.  ഇന്ത്യന്‍ റീഇന്‍ഫോഴ്‌സ്‌മെന്റ് ടീം എത്തും മുമ്പേ അവര്‍ ശത്രുക്കളായ പാക് റേഞ്ചേഴ്സിന്റെ പിടിയിലായി.

സൗരഭിനെയും കൂട്ടരെയും കാണാതായതോടെയാണ് അതിര്‍ത്തികടന്നു നുഴഞ്ഞുകേറി വന്ന് തങ്ങളുടെ പോസ്റ്റുകള്‍ കയ്യേറിയിരിക്കുന്ന പാക് പ്ലാറ്റൂണിനെപ്പറ്റിയുള്ള കൃത്യമായ വിവരം ഇന്ത്യന്‍ സൈന്യത്തിന് കിട്ടുന്നത്. താമസിയാതെ പാകിസ്ഥാന്‍ റേഡിയോ സൗരഭ് കാലിയയെ പിടികൂടിയ വിവരം അനൗണ്‍സ് ചെയ്തു.

കൊടുംക്രൂരതകളുടെ ഇര

ജൂണ്‍ 7-ന് മരിച്ചുപോകും വരെ ക്യാപ്റ്റന്‍ സൗരഭ് കാലിയയ്ക്കും സംഘത്തിനും നേരിടേണ്ടിവന്നത് സങ്കല്‍പ്പിക്കാന്‍ പോലും ആവാത്ത പീഡനങ്ങളാണ്. അവരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം ഇന്ത്യക്ക് കൈമാറിയത് ജൂണ്‍ 9 -നാണ്.

അവരുടെ ശരീരങ്ങളില്‍ സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകളുണ്ടായിരുന്നു. ചെവികളിലൂടെ ചുട്ടുപഴുപ്പിച്ച കമ്പി കുത്തിയിറക്കിയതിന്റെയും, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതിന്റെയും പാടുകള്‍. മിക്കവാറും എല്ലുകളും പല്ലുകളും അടിച്ച് ഒടിച്ചുകളഞ്ഞിരുന്നു. തലയോട്ടി പിളര്‍ന്നതിന്റെയും, ചുണ്ടുകള്‍ മുറിച്ചു കളഞ്ഞതിന്റെയും, കൈ കാലുകളും ജനനേന്ദ്രിയങ്ങളും വെട്ടിക്കളഞ്ഞതിന്റെയും ഏറ്റവും ഒടുവില്‍ നെറ്റിയുടെ ഒത്തനടുവിലൂടെ വെടിയുണ്ട പായിച്ച് കൊന്നുകളഞ്ഞതിന്റെയും ഒക്കെ അടയാളങ്ങളുണ്ടായിരുന്നു. മൃതദേഹങ്ങളില്‍ കണ്ട പരിക്കുകള്‍ മരണത്തിന് മുമ്പ് സഹിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളില്‍ നിന്നും ഏറ്റവയാണ് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. ജൂണ്‍ 9-ന്  സൗരഭ് കാലിയയുടെ അച്ഛന്‍ എന്‍ കെ കാലിയ തന്റെ മകന്റെ വികൃതമാക്കപ്പെട്ട മൃതദേഹം ഏറ്റുവാങ്ങി.

നേരത്തെ പോയ സംഘത്തെ കാണാഞ്ഞ് അടുത്ത ദിവസം മറ്റൊരു സംഘം പോയതും, അവരെയും പാക് ഭീകരര്‍ ആക്രമിച്ചതും, പിന്നീട് അത് കാര്‍ഗില്‍ യുദ്ധമായി മാറിയതും ഒക്കെ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ക്യാപ്റ്റന്‍ സൗരഭ് കാലിയയ്ക്ക് നേരെ നടന്നത് ജനീവാ കണ്‍വെന്‍ഷന്റെ നഗ്‌നമായ ലംഘനമായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ വെച്ചാണ് നുഴഞ്ഞുകയറിയ പാക് സൈന്യം സൗരഭ് കാലിയയെയും സംഘത്തെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നുകളഞ്ഞത്.

നിര്‍ഭയനായ പടനായകന്‍

CSIR-ലെ ശാസ്ത്രജ്ഞനായ ഡോ. എന്‍.കെ. കാലിയയുടെയും വിജയ് കാലിയയുടെയും മകനായ സൗരഭ് പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു.  ഉജ്ജ്വലമായ അക്കാദമിക് റെക്കോര്‍ഡ് അദ്ദേഹത്തിന് ഉണ്ടായിരുന്നു . സൗരഭ് ഒരു പക്ഷേ, അച്ഛന്റെ വഴി പിന്തുര്‍ന്ന് ഒരു ശാസ്ത്രജ്ഞനായിരുന്നേനെ. എന്നാല്‍, 1997-ല്‍ എഴുതിയ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (CDS) പ്രവേശന പരീക്ഷയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ആദ്യത്തെ രണ്ടു വട്ടം ചെറിയ ചില കാരണങ്ങളാല്‍ മെഡിക്കല്‍ പരീക്ഷ തോറ്റെങ്കിലും, മൂന്നാം വട്ടം അദ്ദേഹം പ്രവേശനം നേടി.

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ പരിശീലനം കഴിഞ്ഞ്  1998  ഡിസംബറിലാണ് അദ്ദേഹം നാലാം ജാട്ട് റെജിമെന്റില്‍ കമ്മീഷന്‍ ചെല്ലുന്നത്. പട്രോളിംഗിന വേണമെങ്കില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറെ പറഞ്ഞയച്ചാല്‍ മതിയായിരുന്നു. എന്നിട്ടും, അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട് എന്ന രഹസ്യവിവരം ലഭിച്ച സാഹചര്യത്തില്‍ ആ റിസ്‌ക്ക് സ്വയം ഏറ്റെടുത്ത്, സംഘത്തെ മുന്നില്‍ നിന്ന് നയിച്ച് മരണത്തിലേക്ക് സ്വയം നടന്നു പോവുകയായിരുന്നു സൗരഭ് എന്ന ധീരനായ സൈനിക ഓഫീസര്‍.

click me!