
കൊല്‍ക്കത്ത: ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ കൊവിഡ് മരണ സംഖ്യയുമായി ബന്ധപ്പെട്ടാണ് മമതാ ബിജെപിക്കെതിരെ രംഗത്തെത്തിയത്.
ബംഗാളിലെ കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം അമിത് മാളവ്യ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തിരുന്നു. ബംഗാള്‍ ആരോഗ്യവകുപ്പിനെയും മാളവ്യ വിമര്‍ശിക്കുകയും ഹെല്‍ത്ത് ബുള്ളറ്റിനില്‍ കൊവിഡ് മരണങ്ങളില്‍ മിസ്സിംഗുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മമത രംഗത്തെത്തിയത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഐടി സെല്‍ ബംഗാളിനെ അപമാനിക്കാനായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും മറ്റ് സ്റ്റാഫുകളും കൊവിഡിനെതിരെ നല്ല രീതിയില്‍ ജോലി ചെയ്യുന്നുണ്ട്. വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രതിസന്ധിയെ നേരിടുന്നത് സംബന്ധിച്ച് ഞങ്ങളാരും യാതൊരു വിമര്‍ശനമുന്നയിച്ചിട്ടില്ലെന്നും മമതാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പടക്കം പൊട്ടിച്ചും പാത്രം കൊട്ടിയും അവര്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാവാമെന്നും മമത പറഞ്ഞു.
യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാതിരിക്കാന്‍ മമതാ ബാനര്‍ജി ആരോഗ്യ വകുപ്പിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും മാളവ്യ ആരോപിച്ചു. കൊവിഡ് പരിശോധനയെ നിരുത്സാഹപ്പെടുത്തുകയാണെന്നും പോസിറ്റീവായവരുടെ പോലും മരണകാരണം കൊവിഡല്ലെന്ന് റിപ്പോര്‍ട്ടെഴുതിക്കാന്‍ മമത നിര്‍ബന്ധിക്കുകയാണെന്നും മാളവ്യ ആരോപിച്ചു. ഏപ്രില്‍ 2,3,5 തീയതികളില്‍ ബംഗാളില്‍ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങിയിട്ടില്ലെന്നും നാലിന് പുറപ്പെടുവിച്ച ബുള്ളറ്റിനില്‍ മിസ്സിംഗുണ്ടെന്നും മാളവ്യ ആരോപിച്ചു. അതേസമയം, കൊവിഡ് മരണങ്ങള്‍ ഏഴില്‍ നിന്ന് മൂന്നായി കുറഞ്ഞിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദം. അമിത് മാളവ്യക്കെതിരെ തൃണമൂല്‍ നേതാക്കളും രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam