
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോക്കറ്റടിക്കാരൻ പരാമർശത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെുപ്പ് കമ്മീഷന് ദില്ലി ഹൈക്കോടതി നിർദ്ദേശം. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളിൽ നടപടിയെടുക്കണം. പരാമർശത്തിൽ രാഹുൽ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
നവംബർ 22ന് രാജസ്ഥാനിലെ നദ്ബയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ 'പോക്കറ്റടിക്കാരൻ' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത്തരം പ്രസ്താവനകൾ തടയേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. യാഥാര്‍ത്ഥ്യം മറച്ച് വച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഘട്ടിലെയും പ്രമുഖ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. എന്നാൽ തോല്‍വിയില്‍ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ രണ്ടാം ഭാരത് ജോഡോ യാത്ര ബാധിക്കരുതെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8