ഹിജാബ് വിലക്ക്: 'ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശമായി വ്യാഖ്യാനിക്കേണ്ടതില്ല 'സുപ്രീംകോടതി

Published : Sep 07, 2022, 05:19 PM ISTUpdated : Sep 09, 2022, 12:36 PM IST
ഹിജാബ് വിലക്ക്: 'ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശമായി വ്യാഖ്യാനിക്കേണ്ടതില്ല 'സുപ്രീംകോടതി

Synopsis

അങ്ങനെയെങ്കിൽ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ചിന്‍റെ പരാമർശം

ദില്ലി:ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. അങ്ങനെയെങ്കിൽ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാർശിച്ചു. ഹിജാബ് ധരിക്കുന്നതിലുള്ള വിലക്ക് സ്വതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദത്തിന് എതിരെന്ന വാദം ഉയർന്നപ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണം.

കർണ്ണാടകയിലെ ഹിജാബ് വിലക്ക് മതസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ ദേവദത്ത് കാമത്ത് വാദിച്ചു. ദക്ഷിണാഫ്രിക്കയിൽ സ്കൂളിൽ മുക്കുത്തി അണിയാൻ ഹിന്ദു വിദ്യാർത്ഥികൾക്ക് അനുവാദം നല്കിക്കൊണ്ടുള്ള കോടതി വിധി ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. മുക്കുത്തി മതാചാരവുമായി ബന്ധമുള്ളതല്ലെന്നും മറ്റു രാജ്യങ്ങളെ പോലെയല്ല പല കാര്യങ്ങളിലും ഇളവുള്ള ഇന്ത്യയെന്നും സുപ്രീംകോടതി പരാമർശിച്ചു. കേസിൽ നാളെയും കോടതി വാദം തുടരും.

കർണ്ണാടകയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ    നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്..ഹൈക്കോടതി വിധി ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന്  ഹർജി നല്കിയ മുസ്ലിം വിദ്യാർത്ഥിനികൾക്ക് വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്ഡെ , രാജീവ് ധവാൻ എന്നിവർ വാദിച്ചിരുന്നു. വിഷയം ഭരണഘടന ബഞ്ചിന് വിടണമെന്നും രാജീവ് ധവാൻ നിർദ്ദേശിച്ചു. എന്നാൽ യൂണിഫോം നിശ്ചയിച്ച സ്കൂളുകളിലും കോളെജുകളിലും മതസ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി എങ്ങനെ ഇത് നിരാകരിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചു. മിഡിയും മിനിയുമൊക്കെ ധരിക്കാനുള്ള സ്വാതന്ത്ര്യം യൂണിഫോമുള്ള സ്ഥലങ്ങളിൽ ഇല്ലല്ലോ എന്നും കോടതി ആരാഞ്ഞിരുന്നു

ഹിജാബിന് അനുവാദമില്ല, മംഗളൂരു സർക്കാർ കോളേജിൽ 20 വിദ്യാർത്ഥിനികൾ ബിരുദ പഠനം നിർത്തി

ഹിജാബ് (Hijab) അനുവദിക്കാത്തതിന്‍റെ പേരില്‍ മംഗളൂരു സര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥിനികള്‍ ബിരുദ പഠനം അവസാനിപ്പിച്ചു. കോളേജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടര്‍ സെന്‍ററില്‍ തുടര്‍പഠനത്തിന് ചേരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്ന് കോളേജ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

മംഗളൂരു ഹലേങ്ങാടി സര്‍ക്കാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളാണ് ടിസി വാങ്ങിയത്. ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികള്‍ കോളേജ് പ്രിന്‍സിപ്പളിന് കത്ത് നല്‍കിയിരുന്നു. തയ്യല്‍ പഠിക്കാനും കംമ്പ്യൂട്ടര്‍ പഠനത്തിനുമായി പോകുമെന്നാണ് ഇവരുടെ രക്ഷിതാക്കള്‍ കോളേജ് അധികൃതരെ അറിയിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘വിസിൽ’ അടിക്കാൻ വിജയ്; തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു
വാഹനമോടിക്കുന്നവരാണോ? നിയമങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ, വർഷത്തിൽ 5 തവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് പോകും!