
ലക്നൗ: ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പലതവണ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സ്കൂളിലെ തീവെട്ടിക്കൊള്ളയുടെ നടുക്കുന്ന വിവരങ്ങളാണ്. ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്താണ് യുപിയിലെ സോനാഭദ്രയിലെ പ്രാദേശിക സ്കൂളില്‍ 81 കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന്‍റെ ഭാഗമായിനല്‍കുന്നത്.
ഉത്തര്‍പ്രദേശിലെ വികസനം എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലൊന്നാണ് സോനാഭദ്ര. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ പോഷകാഹാരങ്ങള്‍ക്കായി ആശ്രയിക്കുന്നത് സര്‍ക്കാരിന്‍റെ ഉച്ചക്കഞ്ഞി നല്‍കുന്ന ഈ പദ്ധതിയെയാണെന്നിരിക്കെയാണ് കൊള്ള തുടരുന്നത്. ഗ്രാമപഞ്ചായത്തംഗങ്ങളിലൊരാളാണ് പാചകക്കാരി ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 കുട്ടികള്‍ക്ക് നല്‍കുന്നതിന്‍റെ ദൃശ്യം പകര്‍ത്തിയത്.
ഒരു വലിയ അലുമിനിയം പാത്രത്തില്‍ വെള്ളം തിളപ്പിച്ചതിന് ശേഷം ഒരു ലിറ്ററിന്‍റെ പാല്‍ക്കവര്‍ പൊട്ടിച്ച് അതിലേക്ക് ഒഴിക്കുകയും അത് പതിയെ ഇളക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ പാല്‍ വെള്ളം ഇവര്‍ കാത്തുനില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ കയ്യിലുള്ള സ്റ്റീല്‍ ഗ്ലാസ്സില്‍ ഒഴിച്ചുകൊടുക്കുന്നു. അര ഗ്ലാസ് പാലുവെള്ളമാണ് ഇവര്‍ക്ക് നല്‍കുന്നത്. 171 കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ഇതില്‍ ബുധനാഴ്ചയെത്തിയ 81 കുട്ടികള്‍ക്കാണ് പാല് നല്‍കിയത്.
വീഡിയോ പുറത്തുവന്നതോടെ കൂടുതല്‍ പാല്‍ എത്തിച്ചുവെന്നാണ് ജില്ലാ അധികൃതര്‍ പറഞ്ഞത്. സ്കൂളില്‍ ആവശ്യത്തിനുള്ള പാല്‍ ഉണ്ടായിട്ടും എന്തുകൊണ്ട് കുട്ടികള്‍ക്ക് നല്‍കിയില്ലെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് ഒരു പാക്കറ്റ് പാലുമാത്രമാണ് ലഭിച്ചതെന്ന് പചകക്കാരി പറഞ്ഞു. '' ഞങ്ങള്‍ക്ക് ഇന്നലെ തന്നത് ഒരു പാക്കറ്റ് പാലുമാത്രമാണ്. അതുകൊണ്ടാണ് ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കിക്കൊടുത്തത്'' - പാചകക്കാരി ഫൂല്‍ വാന്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൂടുതല്‍ പാല്‍ സ്കൂളില്‍ ഉണ്ടായിരുന്നത് പാചകക്കാരി അറിയാത്തതുകൊണ്ടാകുമെന്ന് സ്കൂളിലെ അധ്യാപകനായ ജിതേന്ദ്ര കുമാര്‍ പറഞ്ഞു. ഉച്ചഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത് ഉത്തര്‍പ്രദേശില്‍നിന്നാണെന്ന് കഴിഞ്ഞ ദിവസം മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ആകെ ലഭിച്ച 52 പരാതികളില്‍ 14 എണ്ണം ഉത്തര്‍പ്രദേശില്‍നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ കൃത്രിമം കാണിച്ചത് വീഡിയോ സഹിതം പുറത്തുകൊണ്ടുവന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതിന് പിന്നാലെയാണ് യുപിയില്‍ മറ്റൊരു സംഭവം കൂടി പുറത്തുവന്നിരിക്കുന്നത്. ചപ്പാത്തി ഉപ്പുകൂട്ടി തിന്ന കുട്ടികളുടെ വീഡിയോയായിരുന്നു അന്ന പുറത്തുവന്നത്. യുപി സര്‍ക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് അന്ന് പൊലീസ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam