
ദില്ലി: പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ രാത്രി 10 മണിക്കൂറോളം ധർണയിരുന്ന എൻ എസ് യു ഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. പുലർച്ചെ നാലരയോടെയാണ് പൊലീസ് നടപടിയുണ്ടായത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് ക്രൂരമായി മർദിച്ച ആതിര വിജയൻ, ഋതു അടക്കമുള്ള വിദ്യാർത്ഥികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് എൻ എസ് യു ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഒരു വരി എഴുതി എഫ്ഐആർ എടുക്കാതെ പൊലീസ് വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുകയാണെന്ന് ജെബി മേത്തർ എംപി പ്രതികരിച്ചു. തീർത്തും അവശയായ ആതിരയെ പൊലീസ് വലിച്ചിഴച്ചെന്നും എംപി വിമർശിച്ചു. കേരളത്തിൽ കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന് ആതിര പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്നും നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ആതിര വ്യക്തമാക്കി. പിന്തുണയുമായെത്തിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
എഫ്ഐആർ ഇടും വരെ സമരം തുടരുമെന്ന് എൻ എസ് യു ഐ ദേശീയാധ്യക്ഷൻ വിനോദ് ജാക്കർ പറഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമായി. പൊലീസ് മഫ്തിയിലെത്തി പ്രവർത്തകരെ ക്രൂരമായി മർദിച്ചെന്ന് പരാതിയുണ്ട്. പിന്മാറാതെ പൊലീസ് സ്റ്റേഷന് മുന്നിൽ കിടന്നു പ്രതിഷേധിച്ച ആതിര അടക്കമുള്ള വിദ്യാർത്ഥികളെ 10 മണിക്കൂർ നീണ്ട പ്രതിഷേധത്തിനിടെ പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കിയത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 13ന് നടത്തിയ പ്രതിഷേധത്തിനിടെയാണ് ആതിരയെ ദില്ലി പൊലീസ് ക്രൂരമായി മർദിച്ചത്. സ്ത്രീ എന്ന പരിഗണന പോലും നൽകാതെയായിരുന്നു പൊലീസ് അതിക്രമമെന്ന് ആതിര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പോലീസ് മർദ്ദനത്തിലേറ്റ ശാരീരിക അവശതകൾ മാറിയിട്ടില്ല. കണ്ണിൽ രക്തം കട്ട പിടിച്ചെന്നും കേൾവിക്ക് ബുദ്ധിമുട്ടുണ്ടെന്നും അടിവയറ്റിൽ ഇപ്പോഴും വേദനയുണ്ടെന്നും ആതിര പറഞ്ഞു. എന്നാൽ ആതിരയെ സ്റ്റേഷനില് എത്തിച്ചതിന് പോലും തെളിവില്ലെന്നാണ് ദില്ലി പൊലീസ് പറയുന്നത്. ദില്ലി പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ആതിര വ്യക്തമാക്കി.
അതിനിടെ ദില്ലി സമരത്തിനിടെയുള്ള കയ്യേറ്റത്തിൽ കേരളത്തിൽ കേസെടുത്തിട്ടുണ്ട്. ആതിര വിജയന്റെ പരാതിയിലാണ് കേസെടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. സീറോ എഫ്ഐആർ ആണ് എടുത്തത്. പ്രതികളുടെ സ്ഥാനത്ത് പ്രത്യേകമായി ആരുടെയും പേര് പറയുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam