'വീ ദ പീപ്പിള്‍'; പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് 100 സംഘടനകള്‍ ഒരുമിക്കുന്നു

By Web TeamFirst Published Dec 31, 2019, 12:19 PM IST
Highlights

മഹാരാഷ്ട്രയിലെ നവോത്ഥാന നായിക സാവിത്രിഭായ് ഫൂലേയുടെ ജന്മദിനമായ ജനുവരി മൂന്നിനായിരിക്കും ആദ്യ സമരപരിപാടി. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് രാജ്യത്തെ നൂറ് സംഘടനകള്‍ ഒരുമിക്കുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സംഘടനകളാണ് ഒന്നിച്ച് രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. 'വീ ദ പീപ്പിള്‍' എന്ന ബാനറിലായിരിക്കും സമരപരിപാടികള്‍ സംഘടിപ്പിക്കുക. 

പ്രശസ്തരുടെ ജന്മ-ചരമവാര്‍ഷികദിനങ്ങളിലായിരിക്കും തുടര്‍ സമരങ്ങള്‍ നടത്തുക. മഹാരാഷ്ട്രയിലെ നവോത്ഥാന നായിക സാവിത്രിഭായ് ഫൂലേയുടെ ജന്മദിനമായ ജനുവരി മൂന്നിനായിരിക്കും ആദ്യ സമരപരിപാടി. ജനുവരി 12ന് രാജ്യവ്യാപക ബന്ദ് സംഘടിപ്പിക്കും. സ്വാമി വിവേകാനന്ദന്‍റെ ജന്മവാര്‍ഷിക ദിനവും രോഹിത് വെമുലയുടെ ചരമദിനവുമായ ജനുവരി 17ന്  സാമൂഹ്യ നീതി ദിനമായി ആചരിക്കും. മഹാത്മ ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായ ജനുവരി 30ന് അര്‍ധരാത്രിയില്‍

പതാകയുയര്‍ത്തുകയും രാജ്യം മുഴുവന്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്യും. സ്വരാജ് അഭിയാന്‍ പാര്‍ട്ടി സ്ഥാപകനായ യോഗേന്ദ്ര യാദവ്, ടീസ്റ്റ സെതല്‍വാദ്, കവിതാ കൃഷ്ണന്‍, മേധാ പട്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരപരിപാടികള്‍ നടക്കുക. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാവരെയും ‘വീ ദ പീപ്പിള്‍’ എന്ന കുടക്കീഴിലേക്ക് യോഗേന്ദ്ര യാദവ് സ്വാഗതം ചെയ്തു. വീ ദ പീപ്പിള്‍ എന്ന ഭരണഘടനയിലെ ആദ്യ വാക്കുകളേക്കാള്‍ വലുതല്ല മറ്റൊന്നുമൊന്നും അദ്ദേഹം പറഞ്ഞു. 

മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള സര്‍ക്കാരിന്‍റെ പദ്ധതി രാജ്യം തള്ളിക്കളഞ്ഞു. അടിയന്തരാവസ്ഥക്ക് ശേഷം ജനം തെരുവിലിറങ്ങിയ സമരമുണ്ടായിട്ടില്ലെന്ന് മനുഷ്യവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ് പറഞ്ഞു.

click me!