
ജയ്പൂർ: നാൽപ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് നാലര കോടി രൂപ തട്ടിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം. ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായിരുന്നു സാക്ഷി ഗുപ്തയാണ് കസ്റ്റമേഴ്സിന്‍റെ 110 അക്കൌണ്ടുകളിൽ നിന്നായി പണം പിൻവലിച്ചത്. സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
ഈ വർഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിന്‍റെ രാജസ്ഥാനിലെ കോട്ടയിൽ ഡിസിഎം ബ്രാഞ്ചിലെ മാനേജർ തരുണ്‍ ആണ് തട്ടിപ്പ് ഉദ്യോഗ്നഗർ പൊലീസിനെ അറിയിച്ചത്. 2020 -23 കാലഘട്ടത്തിൽ ബ്രാഞ്ചിലെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്സിന്‍റെ അക്കൌണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജർ നൽകിയ റിപ്പോർട്ട്. 41 ഉപഭോക്താക്കളുടെ 110 അക്കൌണ്ടുകളിൽ നിന്നാണ് അവരറിയാതെ സാക്ഷി പണം പിൻവലിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ മെയ് 21ന് സാക്ഷിയെ അറസ്റ്റ് ചെയ്തു. ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പ്രകാരം സാക്ഷി തനിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഇക്കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് ഉദ്യോഗ് നഗർ സിഐ ജിതേന്ദ്ര സിങ് അറിയിച്ചു.
സാക്ഷി ഗുപ്ത ഉപഭോക്താക്കളുടെ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് 2020 നും 2023 നും ഇടയിൽ 110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ പിൻവലിച്ചു എന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൽ സാക്ഷി ഗുപ്ത ഓഹരി വിപണിയിൽ ഈ പണം നിക്ഷേപിച്ചതായി കണ്ടെത്തി. വിപണിയിൽ കനത്ത നഷ്ടം സംഭവിച്ചതിനെ തുടർന്ന് പണം അക്കൗണ്ടുകളിൽ തിരികെ നിക്ഷേപിക്കാൻ ഉദ്യോഗസ്ഥയ്ക്ക് കഴിഞ്ഞില്ല.
ഒരു ഉപഭോക്താവ് തന്റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പണം പിൻവലിക്കുമ്പോൾ സന്ദേശം വരാതിരിക്കാൻ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും ഇവർ മാറ്റിയിരുന്നു. പകരം തന്‍റെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ മാറ്റി നൽകി. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പൊലീസിനെ അറിയിച്ചെന്നും ഉപഭോക്താക്കൾക്കുണ്ടായ നഷ്ടം നികത്തുമെന്നും ഐസിഐസിഐ വക്താവ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam