
ദില്ലി: ഫ്രാൻസിൽ നിന്ന് 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ. 3.25 ലക്ഷം കോടി രൂപയുടെ കരാറിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ചർച്ച നടത്തുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ഈ ആഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. അംഗീകാരം ലഭിച്ചാൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ പ്രതിരോധ കരാറായിരിക്കും ഇത്. ഇതോടെ ഇന്ത്യൻ സൈന്യത്തിലെ റഫാൽ ജെറ്റുകളുടെ എണ്ണം 176 ആയി ഉയരും. വ്യോമസേനയ്ക്ക് ഇതിനകം 36 റഫാൽ വിമാനം ഉണ്ട്. കഴിഞ്ഞ വർഷം നാവികസേന 26 എണ്ണത്തിന് ഓർഡർ നൽകി.
പിന്നീട് തേജസ് വിമാനങ്ങൾക്കായി എച്ച്എഎല്ലിന് കരാർ നൽകിയിരുന്നു. എന്നാൽ ഈ വിമാനങ്ങളുടെ നിർമാണം വൈകുകയാണ്. തേജസ് വിമാനങ്ങളുടെ കൈമാറ്റം അടുത്ത വർഷം മാർച്ചോടെയെന്ന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ (എച്ച്എഎൽ) ഉറപ്പിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) സംശയം. ഒക്ടോബർ 17-ന് ആദ്യ വിമാനത്തിന്‍റെ ഉദ്ഘാടന പറക്കൽ നാസിക്കിൽ നടക്കവേയാണ് എച്ച്എഎൽ സിഎംഡി ഡി കെ സുനിൽ പുതിയ സമയ പരിധി പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സന്നിഹിതനായിരുന്നു. എന്നാൽ വ്യോമസേന ഓർഡർ ചെയ്ത 83 വിമാനങ്ങളിൽ ആദ്യ രണ്ട് വിമാനങ്ങൾ ഒക്ടോബറിൽ തന്നെ കൈമാറുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ഐഎഎഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം, സോഫ്റ്റ്‌വെയർ ഇന്‍റഗ്രേഷൻ, ടെസ്റ്റിംഗ് എന്നിവയിലെ പ്രശ്നങ്ങൾ കാരണം സമയ പരിധി ആവർത്തിച്ച് മാറ്റിവെച്ചു. ആദ്യ ബാച്ച് (ആറ് വിമാനങ്ങൾ) കൈമാറിയാലും സർട്ടിഫിക്കേഷൻ, ട്രയൽസ്, ഇൻഡക്ഷൻ പ്രക്രിയകൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും വേണമെന്നാണ് വ്യോമസേനയുടെ കണക്കുകൂട്ടൽ. അതിനാൽ 2026 പകുതിയാകും വരെ വിമാനങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഇതോടെയാണ് 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam