ഐസിസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സാക്കിര്‍ നായിക്കിന്‍റെ പ്രസംഗം സ്വാധീനിച്ചവര്‍; എന്‍ഐഎ

By Web TeamFirst Published Oct 14, 2019, 6:20 PM IST
Highlights

ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളില്‍ നിന്നായി 127പേര്‍ ഐസിസുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സാക്കിര്‍ നായിക്കിന്‍റെ പ്രസംഗങ്ങളില്‍ പ്രചോദനം കൊണ്ടവരാണ്. 

ദില്ലി: രാജ്യത്ത് ഐസിസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്‍റെ പ്രസംഗം സ്വാധീനിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ എത്തിയവരാണെന്ന് എന്‍ഐഎ ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍. എന്‍ഐഎ സംഘടിപ്പിച്ച ഒരു ദേശീയ സെമിനാറിലാണ് അലോക് മിത്തല്‍ ഇക്കാര്യം വെളിപ്പടുത്തിയത്. ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളില്‍ നിന്നായി 127പേര്‍ ഐസിസുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. 

അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സാക്കിര്‍ നായിക്കിന്‍റെ പ്രസംഗങ്ങളില്‍ പ്രചോദനം കൊണ്ടവരാണ്. തമിഴ്നാട്ടില്‍ നിന്ന് 33 പേരും ഉത്തര്‍ പ്രദേശില്‍ നിന്ന് 19 പേരും കേരളത്തില്‍ നിന്ന് 17 പേരും തെലങ്കാനയില്‍ നിന്ന് 14 പേരും ഐസിസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎയുടെ പിടിയിലായിട്ടുണ്ടെന്ന് അലോക് മിത്തല്‍ സെമിനാറില്‍ വ്യക്തമാക്കി.

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തില്‍ നടന്ന ബോംബാക്രമണത്തിന്റെ സൂത്രധാരനായ സഹ്റാന്‍ ഹാഷിം സാക്കിർ നായിക്കിന്‍റെ പ്രസംഗത്തില്‍ സ്വാധീനിക്കപ്പെട്ടിരുന്നുവെന്ന് ഐസിസുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായ ചില പ്രതികൾ മൊഴി നല്‍കിയിട്ടുണ്ട്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള മൂന്ന് ഐസിസ് കേസുകളിലെ പ്രതികള്‍ ശ്രീലങ്കന്‍ സ്ഫോടനത്തിലെ സൂത്രധാരന്‍ സഹ്‌റാൻ ഹാഷിമിന്റെ വീഡിയോകൾ തങ്ങളെ സ്വാധീനിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും എന്‍ഐഎ ഐജി വ്യക്തമാക്കി.

ഐസിസ് കേസുകളിൽ ഭൂരിഭാഗവും സാക്കിർ നായിക്കിന്റെയും മറ്റ് ഇസ്ലാമിക പ്രസംഗകരുടെയും വീഡിയോകളിലൂടെ സ്വാധീനിക്കപ്പെട്ടവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാലാണ് നായിക്കിനും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമെതിരെ  കേസ് രജിസ്റ്റർ ചെയ്തതെന്നും മിത്തല്‍ പറഞ്ഞു.
 

click me!