
ദില്ലി: കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരേന്ത്യയിലുണ്ടായ മഴക്കെടുതിയിൽ ഒരു മാസത്തിനിടെ മരണം 130 കടന്നെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 80 ആയി. കാണാതായ 35 പേർക്കായി തെരച്ചിൽ ഊർജിതമാക്കി. ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തത്. ഏറ്റവും നാശം ഹിമാചലിലെ മാണ്ഡിയിലാണ്. ജൂണ്‍ 20ന് ആരംഭിച്ച മണ്‍സൂണിന് പിന്നാലെ 78 മരണങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 28 പേര്‍ റോഡ് അപകടത്തില്‍ മരിച്ചപ്പോള്‍ ബാക്കിയുള്ള 50 പേര്‍ മരിച്ചത് മേഘവിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയിലാണ്.
ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരണം 70 കടന്നു. റോഡ് അപകടങ്ങളിൽ മരിച്ചത് 50ലധികം പേരാണെന്നാണ് റിപ്പോർട്ടുകൾ. കാര്യമായ നാശനഷ്ടമുണ്ടായ ഉത്തരകാശിയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യോമ നിരീക്ഷണം നടത്തി. മഴക്കെടുതിയിൽ ഉത്തരകാശിയിൽ മാത്രം മരിച്ചത് 8 പേരാണ്. അതേസമയം ഛത്തീസ്ഗഡ്ഢിലെ കോബ്രയിൽ വെള്ളം കയറിയ വീടിന് മുകളിൽ കുടുങ്ങിയ കുടുംബത്തിലെ 17 പേരെ സാഹസികമായി രക്ഷപ്പെടുത്തി.
പൊലീസും ദുരന്ത നിവാരണ സേനയും ചുമലിൽ കയറ്റി വടംകെട്ടി നദികടന്നാണ് രാത്രി 17 പേരെ രക്ഷപ്പെടുത്തിയത്. വരുന്ന അഞ്ച് ദിവസവും ഉത്തരേന്ത്യയിൽ മൺസൂൺ സജീവമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam