
ചെന്നൈ: 14മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 11 പവന്റെ താലിമാല കസ്റ്റംസിൽ നിന്ന് തിരികെ നേടി ശ്രീലങ്കൻ സ്വദേശി. മദ്രാസ് ഹൈക്കോടതിയിലെ ഉത്തരവിന് പിന്നാലെ വെള്ളിയാഴ്ചയാണ് ശ്രീലങ്കൻ സ്വദേശിയായ യുവതിയിൽ നിന്ന് ചെന്നൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവച്ച 11 പവന്റെ താലിമാല അടക്കമുള്ള ആഭരണം കൈമാറിയത്. സാംസ്കാരിക മൂല്യങ്ങളോടും എല്ലാ മതവിഭാഗങ്ങളുടെ ആചാരങ്ങളോടും ബഹുമാനം കാണിക്കണമെന്ന് വ്യക്തമാക്കിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി എത്തിയത്.
ഫെബ്രുവരി 14നായിരുന്നു യുവതിക്ക് അനുകൂലമായ കേസിൽ വിധി വന്നത്. വെള്ളിയാഴ്ച യുവതിയുടെ ബന്ധുക്കളെത്തിയാണ് സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങിയത്. 11 പവന്റെ താലി മാല അടക്കം 36 പവൻ സ്വർണാഭരണങ്ങളാണ് ചെന്നൈയിലെ കസ്റ്റംസ് വിഭാഗം പരാതിക്കാരിയുടെ കുടുംബത്തിന് കൈമാറിയത്. 2023 ഡിസംബർ 30നാണ് കേസിന് ആസ്പദമായ സംഭവങ്ങളുണ്ടാവുന്നത്. ഭർതൃ മാതാവിനും ഭർതൃ സഹോദരിക്കും ഒപ്പമാണ് ശ്രീലങ്കൻ സ്വദേശിയായ താനുഷിക ചെന്നൈയിൽ വിവാഹ ശേഷം എത്തുന്നത്. ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ 12 മണിക്കൂറോളമാണ് തടഞ്ഞുവച്ചത്.
ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. നിലവിൽ ഫ്രാൻസിലാണ് യുവതിയുള്ളത്. ഗ്രീൻ ചാനലിലൂടെ കള്ളക്കടത്തിനുള്ള ശ്രമം തടയുകയാണ് ചെയ്തതെന്ന കസ്റ്റംസ് വാദം കോടതി തള്ളി. സത്യവാങ്മൂലം നൽകാതെ വിദേശ പൌരന്മാർക്ക് അളവിൽ കൂടിയ സ്വർണം കൊണ്ടുപോകാനാവില്ലെന്നായിരുന്നു 1962ലെ കസ്റ്റംസ് ആക്ട് അനുസരിച്ച് ഉദ്യോഗസ്ഥർ വിശദമാക്കിയത്. ഈ വാദം ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമിയുടെ സിംഗിൾ ബെഞ്ച് തള്ളി.
വിവാഹിതരായ സ്ത്രീകൾ സംസ്കാരിക ശൈലി അനുസരിച്ച് തൂക്കം കൂടിയ സ്വർണാഭരണങ്ങൾ ധരിക്കുന്നത് പതിവാണെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ രാജ്യത്തെ എല്ലാ മതങ്ങളുടെയും ആചാരങ്ങൾ മാനിക്കണമെന്നും കോടതി വിശദമാക്കുകയായിരുന്നു. ആഭരണം പിടിച്ച് വച്ച കസ്റ്റംസ് ഉദ്യോഗസ്ഥയായ എസ് മൈഥിലിക്കെതിരെ അച്ചടക്ക നടപടി ഉടൻ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം