
ദില്ലി: കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചും ദില്ലിയിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ 17 പേരെ അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് ദില്ലിയിൽ മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തുകൊണ്ട് വിദേശത്തേക്ക് അയച്ചു ? എന്ന ചോദ്യമാണ് പോസ്റ്ററുകളിലൊന്നിൽ ഉന്നയിച്ചിരിക്കുന്നത്. വ്യാഴാഴ്ച ദില്ലിയിലെ കല്യാണിപുരിയിൽ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ മോദിയെ വിമർശിക്കുന്ന 800 പോസ്റ്ററുകളും ബാനറുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗം ഏറ്റവും മോശമായാണ് ദില്ലിയെ ബാധിച്ചിരിക്കുന്നത്. ഓക്സിജന്റെ അഭാവം മൂലം നിരവധി പേരാണ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി രാജ്യത്ത് ദിവസവും മൂന്ന് ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് ബാധിക്കുന്നത്. പലർക്കും മതിയായ ചികിത്സയോ ഓക്സിജനോ കിടക്കകളോ നൽകാൻ ആശുപത്രികൾക്ക് സാധിക്കുന്നില്ല.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ മരണ സംഖ്യ മറച്ചുവയ്ക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ ഗംഗാ, യമുനാ നദികളിൽ മൃതദേഹം അടിയുന്നതും വലിയ വിമർശനങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയിരിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam