
ദില്ലി: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങിയുണ്ടായ മുറിവിനെ തുടർന്ന് 18കാരന് ദാരുണാന്ത്യം. ദില്ലിയിലെ തിമാർപുറിലാണ് സംഭവം. മൂർച്ചയേറിയ ചൈനീസ് മഞ്ചയാണ് കഴുത്തിൽ കുരുങ്ങിയതെന്നാണ് സംശയം. ഈ ഇനം നൂലുകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണെങ്കിലും അനധികൃതമായി വിൽക്കപ്പെടുന്നുണ്ട്.
ദില്ലിയിലെ ഗാന്ധി വിഹാറിൽ താമസിക്കുന്ന രവി കുമാറാണ് മരിച്ചത്. ഉച്ചയ്ക്ക് മാർക്കറ്റിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. നൂൽ ഒരു മരത്തിൽ നിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. എന്നാൽ ഇതെങ്ങിനെ കഴുത്തിൽ ചുറ്റിയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.
ചൈനയിൽ ഉൽപ്പാദിപ്പിച്ച് ഇന്ത്യയിൽ വിപണനത്തിനെത്തുന്ന മഞ്ച നൂലുകൾ 2017 ജനുവരിയിലാണ് നിരോധിച്ചത്. ദൃഢതയേറിയ ഈ നൂലുകൾ പൊട്ടില്ലെന്നതാണ് നിരോധനം ഏർപ്പെടുത്താൻ കാരണം.
ആരെങ്കിലും പട്ടം പറത്തിയിട്ടല്ല അപകടം ഉണ്ടായതെന്ന വാദത്തിൽ സാക്ഷികൾ ഉറച്ചുനിൽക്കുകയാണ്. അതേസമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 336 വകുപ്പുകൾ പ്രകാരം അജ്ഞാതനെതിരെ ജീവനും വ്യക്തിസുരക്ഷയ്ക്കും ഭീഷണിയാകും വിധമുള്ള കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമാണ് രവി കുമാർ കഴിഞ്ഞിരുന്നത്. അഞ്ച് സഹോദരങ്ങളിൽ രണ്ടാമനായിരുന്ന രവി, അടുത്തിടെയാണ് ജോലിക്ക് പോയിത്തുടങ്ങിയത്. രവിയുടെ അച്ഛൻ രാം കിഷോർ ഒരു തട്ടുകടയിൽ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam