
ദില്ലി: കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഗാർഡ് റെയിലിലേക്ക് ഇടിച്ച് കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദില്ലി സർവ്വകലാശാലയിലെ ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ 19 കാരൻ ഐശ്വര്യ പാണ്ഡെയാണ് മരിച്ചത്. തന്‍റെ പത്തൊമ്പതാം ജന്മദിനം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. പാണ്ഡെ ഓടിച്ചിരുന്ന ഹ്യുണ്ടായ് വെന്യു കാർ സുരക്ഷാ വേലിയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡാർഡ് റെയിൽ കാറിനുള്ളിലൂടെ തുളച്ച് കയറി പിന്നിലേക്കെത്തി.
ഗുരുഗ്രാമിൽ വെച്ച് ജന്മദിനം ആഘോഷിച്ച ശേഷം തന്‍റെ നാല് സുഹൃത്തുക്കൾക്കൊപ്പം മടങ്ങവേയാണ് ഐശ്വര്യ പാണ്ഡയെ വലിയ ദുരന്തം തേടിയെത്തിയത്. അപകടത്തിൽ കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ പാണ്ഡയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥികൾ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
"ബുധനാഴ്‌ച പാണ്ഡെയുടെ ജന്മദിനമായിരുന്നു. ഇയാൾ തന്‍റെ സുഹൃത്തുക്കൾക്കായി ഗുരുഗ്രാമിൽ വിരുന്നൊരുക്കിയിരുന്നു. കാർ വാടകയ്‌ക്കെടുത്താണ് സംഘം ഗുരുഗ്രാമിലെത്തിയത്. ജന്മദിനാഘോഷം കഴിഞ്ഞ് മദ്യലഹരിയിലാണ് യുവാക്കൾ തിരികെ പോയത്. ഐശ്വര്യ പാണ്ഡെയായിരുന്നു വാഹനമോടിച്ചിരുന്നതെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ പാണ്ഡെ കിഴക്കൻ ദില്ലിലെ ലക്ഷ്മി നഗറിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഐശ്വര്യ പാണ്ഡയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്ന പിതാവ് അസുഖ ബാധിതനായാണ് മരണപ്പെട്ടത്. അധ്യാപികയായ അമ്മ അടുത്തിടെ റോഡപകടത്തിലാണ് മരിച്ചതെന്ന് പാണ്ഡെയുടെ മരിച്ചു, ബന്ധു പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതടക്കം അന്വേഷിച്ച് വരിതയാണെന്നും ദില്ലി നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം കെ മീണ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam