കുഴിച്ചെടുത്തത് രത്‌നങ്ങള്‍; ലക്ഷപ്രഭുക്കളായി തൊഴിലാളികള്‍

By Web TeamFirst Published Nov 3, 2020, 6:58 PM IST
Highlights

ഡയമണ്ടുകള്‍ ഡയമണ്ട് ഓഫിസില്‍ ലേലത്തിന് വെച്ചു. 12.5 ശതമാനം റോയല്‍റ്റി തുക കഴിച്ച് ബാക്കി തുക തൊഴിലാളികള്‍ക്ക് ലഭിക്കും.
 

പന്ന(മധ്യപ്രദേശ്): മധ്യപ്രദേശിലെ പന്നയില്‍ രത്‌നങ്ങള്‍ കുഴിച്ചെടുത്ത് ധനികരായി തൊഴിലാളികള്‍. 7.44 , 14.98 ക്യാരറ്റ് രത്‌നങ്ങളാണ് ഇരുവരും കുഴിച്ചെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ജാരുവപുരിലെ ഖനിയില്‍നിന്ന് 7.44 ക്യാരറ്റുള്ള രത്‌നം ദിലിപ് മിസ്ത്രി എന്ന തൊഴിലാളി കുഴിച്ചെടുത്തത്. കൃഷ്ണകല്യാണ്‍പുരില്‍ നിന്നാണ് ലഘാന്‍ യാദവ് എന്ന തൊഴിലാളി 14.98 ക്യാരറ്റ് രത്‌നം കുഴിച്ചെടുത്തത്. ഡയമണ്ടുകള്‍ ഡയമണ്ട് ഓഫിസില്‍ ലേലത്തിന് വെച്ചു. 12.5 ശതമാനം റോയല്‍റ്റി തുക കഴിച്ച് ബാക്കി തുക തൊഴിലാളികള്‍ക്ക് ലഭിക്കും.

7.44 ക്യാരറ്റ് രത്‌നത്തിന് 30 ലക്ഷവും 14.98 ക്യാരറ്റ് രത്‌നത്തിന് അതിന്റെ ഇരട്ടിയും ലഭിക്കുമെന്ന് ഡയമണ്ട് ഇന്‍സ്‌പെക്ടര്‍ അനുപം സിംഗ് പറഞ്ഞു. രത്‌നം വിറ്റ് ലഭിക്കുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കുമെന്ന് ലഘാന്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി രത്‌നത്തിനായി ഖനനം നടത്തുകയാണെന്നും ആദ്യമായാണ് ഇത്രയും വിലപിടിപ്പുള്ളത് ലഭിക്കുന്നതെന്നും ദിലിപ് മിസ്ത്രി പറഞ്ഞു. രത്‌നഖനികള്‍ക്ക് പ്രശസ്തമായ ബുന്ദേല്‍ഖണ്ഡിലെ പ്രദേശമാണ് പന്ന. 

click me!