
ദില്ലി: കൊറോണ വൈറസ് ബാധ സംശയിക്കുന്ന രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ജമ്മു കശ്‍മീരില്‍ കര്‍ശന ജാഗ്രത. ജമ്മു, സാംബ ജില്ലകളിലെ എല്ലാ പ്രൈമറി സ്കൂളുകളും മുന്‍കരുതല്‍ എന്ന നിലയില്‍ മാര്‍ച്ച് 31 വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു.
നിരീക്ഷണത്തിലുള്ള രണ്ട് പേരുടേയും പരിശോധനഫലം ആശങ്കയ്ക്ക് വക നല്‍കുന്നതാണ്. ഇരുവര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് പ്രാഥമിക നിഗമനം - ജമ്മു കശ്‍മീര്‍ ആസൂത്രണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറയുന്നു.
ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കുന്നതിനിടെ പുറത്തു പോയ രണ്ട് പേരില്‍ വൈറസ് ബാധയ്ക്കുള്ള സാധ്യത കാണുന്നതെന്നും അനുവാദമില്ലാതെ ആശുപത്രി വിട്ട ഇവരെ പിന്നീട് തിരിച്ചെത്തിക്കുകയായിരുന്നുവെന്നും രോഹിത് കന്‍സാല്‍ പറയുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ ഈ മാസം 31 വരെ ജമ്മു കശ്‍മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കാന്‍ നിർദേശിച്ചിട്ടുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈറസ് ഭീതി ശക്തമായതിന് പിന്നാലെ എന്‍ 95 മാസ്‍ക് അടക്കമുള്ള രോഗപ്രതിരോധ സംവിധാനങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന വിവരം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എൻ 95 മാസ്‍ക് അടക്കമുള്ളവ ആരെങ്കിലും പൂഴ്‍ത്തി വയ്ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വടക്കുകിഴക്കന്‍ ഇന്ത്യയിലൂടെ തങ്ങളുടെ രാജ്യത്ത് എത്തിയ ഒരു അമേരിക്കന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഭൂട്ടന്‍ അറിയിച്ചതിന് പിന്നാലെ അസമില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam