
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സിപിഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കം 21 പേർ ആയുധം വച്ച് കീഴടങ്ങി. ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിലാണ് 21 മാവോയിസ്റ്റുകൾ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 18 ആയുധങ്ങളും ഇവർ പൊലീസിന് നൽകി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതി പ്രകാരമാണ് ഈ നീക്കം.
നാല് ഡിവിഷണൽ കമ്മിറ്റികളിൽ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരിൽ ഒൻപത് പേർ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ട് പേർ ഏറ്റവും താഴേത്തട്ടിലെ പ്രവർത്തകരുമാണ്. സിപിഐ മാവോയിസ്റ്റ് നോർത്ത് സബ് സോണൽ ബ്യൂറോയ്ക്ക് കീഴിലാണ് ഇവരെല്ലാം പ്രവർത്തിച്ചിരുന്നത്. മൂന്ന് എകെ 47 തോക്കുകളും, രണ്ട് ഇൻസാസ് റൈഫിളുകളും നാല് എസ്എൽആർ റൈഫിളുകളും ആറ് 0.303 റൈഫിളുകളും രണ്ട് സിംഗിൾ ഷോട്ട് റൈഫിളുകളും ഒരു ബാരൽ ഗ്രനേഡ് ലോഞ്ചറും ഇവർ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ 17 ന് സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം രൂപേഷ് (സതീഷ്) അടക്കം 210 പേർ ബസ്‌തർ ജില്ലയിലെ ജഗ്‌ദൽപൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 153 ആയുധങ്ങളും ഇവർ പൊലീസിന് കൈമാറിയിരുന്നു. ഒക്ടോബർ രണ്ടിന് 103 മാവോയിസ്റ്റുകൾ ബിജാപൂർ ജില്ലയിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam