
ദില്ലി: മദ്യപിച്ച് സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിലക്കുമായി അമേരിക്കന്‍ എയര്‍ലൈന്‍ വിമാനം. ന്യൂയോര്‍ക്ക് ദില്ലി യാത്രയ്ക്കിടെ ശനിയാഴ്ചയാണ് 21കാരനായ വിദ്യാര്‍ത്ഥിയാണ് സഹയാത്രക്കാരന്‍റെ ദേഹത്ത് മൂത്രമൊഴിച്ചത്. യുഎസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ ആര്യ വൊഹ്റയ്ക്കാണ് വിലക്ക് പ്രഖ്യാപിച്ചത്. ജോണ്‍ എഫ് കെന്നഡി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഎ292 വിമാനത്തിനുള്ളിലാണ് വിചിത്ര സംഭവങ്ങളുണ്ടായത്.
ശനിയാഴ്ച രാത്രി 9.50ഓടെയാണ് വിമാനം ദില്ലിയിലെത്തിയത്. ഇതിനിടയില്‍ വിമാനത്തിലുണ്ടായ ഒരു പ്രശ്നം നിയമപരമായ കൈകാര്യ ചെയ്തുവെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഭാവിയില്‍ ആര്യ വൊഹ്റയ്ക്ക് എയര്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്നും അമേരിക്കന്‍ എയര്‍ലൈന്‍ വ്യക്തമാക്കി. ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും സഹയാത്രികര്‍ക്ക് ഗുരുതര ബുദ്ധിമുട്ടുകളുണ്ടായിക്കിയെന്നും എയര്‍ലൈന്‍ വിശദമാക്കുന്നു. ഇയാളുടെ വിമാനത്തിനുള്ളിലെ പെരുമാറ്റം വിമാനത്തിലെ ജീവനക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വിമാനത്തിന്‍റെ തന്നെ സുരക്ഷയും അപകടകരമാക്കുന്ന രീതിയിലായിരുന്നുവെന്നും എയര്‍ലൈന്‍ ചൂണ്ടിക്കാണിക്കുന്നു. ദില്ലിയിലെ ഡിഫന്‍സ് കോളനി സ്വദേശിയാണ് ആര്യ വൊഹ്റ.
സംഭവത്തിൽ വിദ്യാർത്ഥി ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിയുടെ ക്ഷമാപണം കണക്കിലെടുത്ത് പൊലീസിൽ പരാതിപ്പെടുന്നതിൽ നിന്നും പരാതിക്കാരൻ പിൻമാറുകയായിരുന്നു. എന്നാല്‍ എയർലൈൻ സംഭവം ഗൗരവമായി എടുക്കുകയും വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വിമാനം ഇറങ്ങിയ ഉടൻ തന്നെ സുരക്ഷാസേനയെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഡൽഹി പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലും സമാനമായ ഒരു സംഭവം നടന്നിരുന്നു.
ശങ്കർ മിശ്ര എന്നയാൾ പ്രായമായ സ്ത്രീയുടെ മേൽ മദ്യപിച്ച് മൂത്രമൊഴിച്ചെന്നായിരുന്നു ആരോപണം. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മാധ്യമങ്ങളിലൂടെ വിവരം പുറത്തറിയുന്നത്. അതിനുശേഷം കേസെടുക്കുകയും മിശ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്തതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) 30 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത് കൂടാതെ മിശ്രയെ നാലു മാസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam