
പൊള്ളാച്ചി: തമിഴ്നാട് പൊള്ളാച്ചിയിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്ന് ഭർത്താവ്. നിരവധി ആളുകൾ നോക്കിനിൽക്കേയാണ് തന്റെ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ യുവാവ് കുത്തിക്കൊന്നത്. യുവതിയ്ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊലയ്ക്ക് ശേഷം മൃതദേഹത്തിന് സമീപം കുത്തിയിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 9 വർഷം മുൻപ് വിവാഹിതരായ ദമ്പതികളുടെ കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ അവസാനിച്ചത്. 27 വയസ് പ്രായമുള്ള സി ഭാരതി എന്ന യുവാവാണ് ഭാര്യയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊന്നത്. പൊള്ളാച്ചിയിലെ മരപേട്ടൈ സ്ട്രീറ്റിലാണ് ഭാരതിയുടെ വീട്. 26 വയസുള്ള ശ്വേതയാണ് കൊല്ലപ്പെട്ടത്.
9 വർഷത്തെ വിവാഹ ജീവിതത്തിൽ ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. കഴിഞ്ഞ ആറ് മാസമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ പതിവായി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഒടുവിൽ ഒരു മാസം മുൻപ് ശ്വേത ഭാരതിയുടെ വീട്ടിൽ നിന്ന് മാറി താമസിക്കുകയായിരുന്നു. രാവിലെ 9 മണിക്ക് പനാലനിയപ്പൻ തെരുവിൽ വച്ച് ഭാരതി ശ്വേതയെ കാണുകയായിരുന്നു. ബൈക്കിലെത്തിയ യുവാവ് ശ്വേതയെ തടഞ്ഞു നിർത്തി സംസാരിക്കാൻ ശ്രമിച്ചു. ഇതോടെ യുവതി വേഗത്തിൽ നടന്ന് പോവാനും ശ്രമിച്ചു. പിന്നാലെയാണ് ഇയാൾ ഭാര്യയെ ചോദ്യം ചെയ്യാനും ആക്രമിക്കാനും ആരംഭിച്ചത്.
താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു ശ്വേത. വാക്കേറ്റത്തിനിടെ ഭാരതി യുവതിയെ കുത്തി വീഴ്ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്വേതയെ ഇയാൾ പിന്തുടർന്ന് കുത്തി വീഴ്ത്തുകയായിരുന്നു. പുറത്തും അരയിലും വയറിലുമാണ് യുവതിക്ക് കുത്തേറ്റത്. സമീപത്തുണ്ടായിരുന്നവർ പൊലീസിനെ വിളിച്ചാണ് ശ്വേതയെ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയിൽ ശ്വേതയെ എത്തിച്ചപ്പോഴേയ്ക്കും യുവതിയുടെ ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പൊള്ളാച്ചി പൊലീസ് ഭാരതിയെ കൊലപാതക കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam