
മലാഡ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാർ വാങ്ങാനായി വീട്ടുകാർക്കൊപ്പം പോയ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിൻദോഷിക്ക് സമീപത്ത് വച്ച് ഒരു ഓട്ടോറിക്ഷയെ മറികടന്നതിനേ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് 27കാരനെ ഓട്ടോയിലെത്തിയ സംഘം മാതാപിതാക്കളുടെ മുന്നിൽ വച്ച് മർദ്ദിച്ച് കൊല്ലുകയായിരുന്നു. ആകാശ് മൈൻ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.
മലാഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് യുവാവും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു ഓട്ടോ ഓവർടേക്ക് ചെയ്തത്. യുവാവിന്റെ വാഹനത്തിൽ ഉരസിയായിരുന്നു ഈ ഓവർടേക്കിംഗ്. ഇതിന് പിന്നാലെ ഇവരുടെ വാഹനം പിന്തുടർന്നെത്തിയ ഓട്ടോ ഡ്രൈവറും ഇയാൾക്കൊപ്പമുണ്ടായിരുന്നവരുമാണ് യുവാവിനെ മർദ്ദിച്ചുകൊന്നത്. മകനെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മകനെ പൊതിഞ്ഞ് പിടിക്കുന്ന അമ്മയേയും ഉപദ്രവിക്കരുതെന്ന് കെഞ്ചുന്നതിന്റേതുമായ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്തു. ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തിൽ പൊലീസ് 9 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. മർദ്ദനമേറ്റ് നിലത്ത് വീണു കിടക്കുന്ന യുവാവിനെ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന അമ്മയേയും മകനെ മർദ്ദിക്കരുതെന്ന് കൈ കൂപ്പി കെഞ്ചുന്ന പിതാവിനേയും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിലും യുവാവിനെ ചവിട്ടാനും ആക്രമിക്കാനും പിതാവിനെ ആക്രമിക്കാനും അക്രമികൾ ശ്രമിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam