
ദില്ലി: കൊവിഡ് വ്യാപനം അതിശക്തമായിരുന്ന ദില്ലിയിൽ മൂന്നിലൊരാൾക്ക് കൊവിഡ് ഇതിനോടകം പോയിരിക്കാമെന്ന് വിലയിരുത്തൽ. ദില്ലിയിൽ നടത്തിയ സെറോ സർവ്വേയിലാണ് ഇങ്ങനെയൊരു വിവരം പുറത്തു വന്നിരിക്കുന്നത്.
ഇതുവരെ കൊവിഡ് ലക്ഷണങ്ങൾ വരാത്തവരും കൊവിഡ് പരിശോധന നടത്താതവരുമായ 29 ശതമാനം പേർക്കാണ് കൊവിഡ് അവരറിയാതെ വന്നു പോയതെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറയുന്നു. കൊവിഡ് രോഗം ബാധിച്ച വ്യക്തികളിൽ രോബാധയുണ്ടായി ദിവസങ്ങൾക്കുള്ളിൽ തന്നെ കൊവിഡ് വൈറസിനെതിരായ ആൻ്റിബോഡി രൂപപ്പെടും. രോഗി കൊവിഡ് വൈറസിൽ നിന്നും മുക്തി നേടിയാലും ഈ ആൻ്റിബോഡി ദീർഘനാൾ ശരീരത്തിൽ തുടരും.
ഈ ആൻ്റിബോഡിയുടെ സാന്നിധ്യമാണ് സെറോ സർവ്വേയിൽ പരിശോധിക്കുന്നത്. രോഗലക്ഷമില്ലാത്തവരും ഇതുവരെ ക്വാറൻ്റൈനിൽ പോകത്തവരുമായ ആളുകളെ പരിശോധിച്ചതിലാണ് 29 ശതമാനം പേരുടെ ശരീരത്തിലും കൊവിഡ് വൈറസിനെതിരായ ആൻ്റിബോഡി രൂപം കൊണ്ടതായി കണ്ടെത്തിയത്.
ജൂൺ 24 മുതൽ ജൂലൈ ആദ്യവാരം വരെ നടത്തിയ സെറോ സർവ്വേയിൽ ദില്ലിയിൽ 24 ശതമാനം പേർക്ക് കൊവിഡ് വന്നു പോയെന്ന് കണ്ടെത്തിയിരുന്നു. ആഗസ്റ്റ് ഒന്നു മുതൽ ഏഴ് വരെ 15,000 പേരുടെ സാംപിൾ പരിശോധിച്ചതിലാണ് ദില്ലിയിൽ മൂന്നിൽ ഒന്ന് എന്ന കണക്കിൽ കൊവിഡ് വന്നു പോയതായി തെളിയുന്നത്,
നേരത്തെ പൂണെയിലും മുംബൈയിലും നടത്തിയ സെറോ സർവ്വേയിലും സമാനമായ കണക്കുകൾ പുറത്തു വന്നിരുന്നു. കൊവിഡ് പരിശോധന നടത്തി പൊസീറ്റീവായെന്ന് ഔദ്യോഗികമായി കണ്ടെത്തിയവരുടെ ഇരുപതോ നാൽപ്പതോ ഇരട്ടി ആളുകൾക്ക് ഇതിനോടകം കൊവിഡ് വന്നു പോയിരിക്കാം എന്നാണ് ഒരു വിഭാഗം ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് രോഗബാധിതരിൽ പകുതിയോളം പേർക്കും ഒരു തരത്തിലുള്ള രോഗലക്ഷണങ്ങൾ ഇല്ലാത്തതും ഇതിന് ആധാരമായി അവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഇതുവരെ സൊറോ സർവ്വേ നടത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam