പൊലീസുകാരെ അക്രമിച്ചതിന് അറസ്റ്റിലായ മൂന്നുപേര്‍ക്ക് കൊവിഡ്; ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Apr 13, 2020, 8:51 AM IST
Highlights

തടവുകാര്‍ക്കൊപ്പം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന എട്ട് പൊലീസുകാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇൻഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലീസുകാരെ ആക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രില്‍ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലയായ ഇന്‍ഡോറിലെ ചന്ദന്‍ നഗറില്‍ വച്ചാണ് പ്രതികള്‍ പൊലീസിനെ ആക്രമിച്ചത്. പിടിയിലായ പ്രതികളെ വിവിധ ജയിലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

പ്രതികളില്‍ രണ്ട് പേരെ സന്തന ജയിലിലേക്കും ഒരാളെ ജബല്‍പുരിലെ ജയിലിലേക്കുമാണ് അയച്ചിരുന്നത്. തടവുകാരുടെ കൊവിഡ് ഫലം  പൊസിറ്റീവ് ആയതോടെ ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരടക്കം 15 പേരെ ക്വാറന്‍റൈനിലാക്കിയിരിക്കുകയാണ്. തടവുകാര്‍ക്കൊപ്പം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന എട്ട് പൊലീസുകാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജയിലിലേക്ക് എത്തിക്കുന്നതിന് മുമ്പ് പ്രതികളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. ഒരു പ്രതിക്ക് കൊവിഡ് ലക്ഷണമുണ്ടെന്ന് തിരിച്ചറിഞ്ഞ ജബല്‍പുര്‍ ജയില്‍ സൂപ്രണ്ടന്‍റ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സന്തന ജില്ലയിലെ ആദ്യ കൊവിഡ് കേസാണ് ഇത്. അതേസമയം ജബല്‍പൂരില്‍ നേരത്തെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തിലും പ്രതികളുളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കാതെ ജയിലിലേക്കയച്ച പൊലീസ് നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
 

click me!