'ശീഷ്മഹൽ മുതൽ മദ്യനയം വരെ; എഎപിയോട് ദില്ലിക്കാർ ​'ഗെറ്റ് ഔട്ട്' പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ട് !

Published : Feb 08, 2025, 02:30 PM ISTUpdated : Feb 08, 2025, 02:54 PM IST
'ശീഷ്മഹൽ മുതൽ മദ്യനയം വരെ; എഎപിയോട് ദില്ലിക്കാർ ​'ഗെറ്റ് ഔട്ട്' പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ട് !

Synopsis

2025 ലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ സജീവ ചർച്ചയാകുന്നത് ചുലെടുത്ത് ദില്ലി മൊത്തം തൂത്തുവാരിയിരുന്ന ആം ആദ്മി പാർട്ടിക്ക് പിഴച്ചതെവിടെ എന്നതാണ്. ദില്ലിയിൽ ആം ആദ്മി പാർട്ടിയ്ക്ക് വീഴ്ച്ച പറ്റിയ 3 കാരണങ്ങൾ നോക്കാം.

ദില്ലി: 27 വർഷങ്ങൾക്ക് ശേഷം ദില്ലിയിൽ വീണ്ടും അധികാരത്തിലേറാൻ ഒരുങ്ങുകയാണ് ബിജെപി.1993 ലെ തെരഞ്ഞെടുപ്പിലാണ് അവസാനമായി ബിജെപി അധികാരത്തിലേറിയത്. 1998 ൽ കോൺ​ഗ്രസിനോട് തോറ്റ് അധികാരത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ സുഷമാ സ്വരാജ് ആയിരുന്നു ബി ജെ പിയുടെ മുഖ്യമന്ത്രിക്കസേരയിൽ. ശേഷം കോൺ​ഗ്രസിന്റെ ഷീലാ ദീക്ഷിതിനെയായിരുന്നു ദില്ലി ജനത വാരിപുണർന്നത്. 1998 മുതൽ 2013 വരെയുള്ള കാലയളവിലെ ഹാട്രിക്ക് വിജയത്തിനൊടുവിൽ ഷീലക്ക് അടിതെറ്റി. ചൂലെടുത്തുള്ള അരവിന്ദ്കെജ്രിവാളിന്‍റെയും എ എ പിയുടെയും കുതിപ്പിനാണ് 2013 ൽ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. ഹാട്രിക്ക് വിജയത്തിലൂടെ കെജ്രിവാളും ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിലെ ഹീറോയായി. മദ്യനയ കേസിൽ അറസ്റ്റിലായ കെജ്രിവാൾ, പുറത്തിറങ്ങി ഏവരെയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി പദം രാജിവച്ചപ്പോൾ 2024 ൽ അതിഷി മർലേന പിൻ​ഗാമിയായി മുഖ്യമന്ത്രിക്കസേരയിലേക്കെത്തി.

2025 ലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോൾ സജീവ ചർച്ചയാകുന്നത് ചുലെടുത്ത് ദില്ലി മൊത്തം തൂത്തുവാരിയിരുന്ന ആം ആദ്മി പാർട്ടിക്ക് പിഴച്ചതെവിടെ എന്നതാണ്. ദില്ലിയിൽ ആം ആദ്മി പാർട്ടിയ്ക്ക് വീഴ്ച്ച പറ്റിയ 3 കാരണങ്ങൾ നോക്കാം.   

ഭരണവിരുദ്ധ വികാരം 

2015 ലും 2020 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ദില്ലിയില്‍ ആം ആദ്മി പാർട്ടി വൻ വിജയമാണ് നേടിയത്. 2013 ൽ ആദ്യമായി അധികാരത്തിലേറിയ എ എ പി തുടർഭരണങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരുന്നത്. 2020 ലെ വമ്പൻവിജയത്തിന്‍റെ പ്രധാന കാരണവും അതായിരുന്നു. വൈദ്യുതി, വെള്ളം അനുവദിച്ച സബ്‌സിഡികൾ തുടങ്ങിയ മേഖലകളിൽ വോട്ടർമാരെ പ്രീതിപ്പെടുത്താൻ എഎപിക്കായി. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കോട്ടയായി തുടരുമ്പോഴും നിയമസഭയിലേക്കുള്ള 'എ എ പി' വിധി ദില്ലി ജനത ഇതുവരെ തെറ്റാതെ കാത്തിരുന്നു. എന്നാൽ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ, ദില്ലിയിലെ വായു മലിനീകരണം കൈകാര്യം ചെയ്യുന്നതിൽ വന്ന പാളിച്ച തുടങ്ങിയ കാരണങ്ങളും എഎപിയെ അകറ്റി നിർത്താൻ ദില്ലിക്കാരെ പ്രേരിപ്പിച്ചു എന്നാണ് രാഷ്ട്രീയ വിദ​ഗ്ദരടക്കം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സർക്കാരാണ് പല കാര്യങ്ങളിലും തുരങ്കം വയ്ക്കുന്നതെന്ന് എഎപി ആവർത്തിച്ചു പറഞ്ഞിട്ടും ഇതെല്ലാം ഒഴിവുകഴിവുകളാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇതിലെല്ലാമുപരി ബിജെപിയുടെ ഡബിൾ എഞ്ചിൻ വാ​ഗ്ദാനം ദില്ലിയിലെ ജനങ്ങളെ ആകർഷിച്ചു എന്നും ഉറപ്പിക്കാം. 

'ശീഷ് മഹൽ'

ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ രാഷ്ട്രീയ വജ്രായുധം ഏതെന്ന് ചോദിച്ചാൽ പലരും നിസംശ്ശയം പറയുക 'ശീഷ്മഹൽ' എന്നായിരിക്കും. കെജ്രിവാൾ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നപ്പോൾ നവീകരിച്ച ഔദ്യോ​ഗിക വസതിയെ പരാമർശിക്കാൻ ഉപയോഗിച്ച പദമാണിത്. ഔദ്യോ​ഗിക വസതിയുടെ നവീകരണത്തിന്റെ കണക്കുകൾ ബിജെപി ആളിക്കത്തിച്ചു. ബിജെപിയുടെ  ആരോപണങ്ങൾ കത്തിപ്പടർന്നതിന് പിന്നാലെ വന്ന സിഎജി റിപ്പോർട്ട് എ എ പിയുടെ എരിതീയിലെ എണ്ണയായി. ‌7.91 കോടിയെന്ന് പറഞ്ഞു തുടങ്ങിയ നവീകരണം അവസാനിപ്പിച്ചപ്പോൾ 33.66 കോടിയായെന്നാണ് സിഎജി കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ 'ശിഷ് മഹൽ' ആയുധവുമായി നേരിട്ടിറങ്ങി, കെജ്രിവാളിന്‍റെ ആഡംബര ജീവിതമെന്ന ആരോപണം കടുപ്പിച്ചു. മോദിയുടെ ആഡംബര ജീവതശൈലിയെ മുൻനിർത്തി ശീഷ്മഹലിനു പകരം രാജ്മഹൽ എന്ന നിലയിൽ തിരിച്ചടിക്കാൻ എ എ പി ശ്രമിച്ചെങ്കിലും എറ്റില്ല എന്നാണ് വ്യക്തമാകുന്നത്. അഴിമതിയെ തുടച്ചു നീക്കാനായെടുത്ത ചൂൽ തരംഗത്തിലൂടെ കുതിച്ചുയർന്ന എഎപിയാകട്ടെ, 'ശീഷ് മഹൽ' പ്രഹരത്തിൽ അധികാരത്തിൽ നിന്നും തൂത്തെറിയപ്പെടുകയായിരുന്നു.

മദ്യനയം

എഎപി ഗവൺമെൻ്റിൻ്റെ നിലവിലെ ഭരണവാഴ്ച്ചയ്ക്ക് തിരിച്ചടിയായ മറ്റൊരു പ്രധാന കാരണം സർക്കാരിന്റെ മദ്യനയം തന്നെയാണ്. മദ്യനയത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങൾ അരവിന്ദ് കെജ്​രിവാളിനെയും പാർട്ടിയെയും ഇപ്പോഴും മുൾമുനയിൽ നിർത്തിയ സംഭവങ്ങളിൽ പ്രധാനപ്പെട്ടതാണ്. മദ്യക്കുപ്പികൾ വാങ്ങുന്നവർക്ക് 'Buy 1 Get 1 free' എന്ന പേരിൽ നൽകിയ ഓഫർ ,അരവിന്ദ് കെജ്‌രിവാൾ സർക്കാർ ദില്ലിയെ മദ്യപന്മാരുടെ നഗരമാക്കി മാറ്റുകയാണെന്ന് ബിജെപി ആരോപിച്ചു. ആദ്യമൊക്കെ ഈ ആരോപണങ്ങളെ തള്ളിക്കഞ്ഞ എഎപി ഒരു വർഷത്തിനുള്ളിൽ ആ നയം പാടെ ഒഴിവാക്കി. പിന്നാലെ വന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ അറസ്റ്റിലേക്കാണ് വഴി വച്ചത്. ആദ്യഘട്ടത്തിൽ സിസോദിയയെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ആം ആദ്മി പാർട്ടിക്ക് മന്ത്രിസഭ പുനഃക്രമീകരിക്കേണ്ടി വരികയും ചെയ്തു. തുടർന്ന് കെജ്‌രിവാൾ അറസ്റ്റിലായി. അഞ്ച് മാസത്തോളം അരവിന്ദ് കെജ്രിവാൾ ജയിലിൽ തുടർന്നു. മുൻനിര നേതാക്കളെല്ലാം കേസിലും അറസ്റ്റിലും പെട്ടതോടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ‌ പാലിക്കുന്നതിൽ നിന്ന് പാർട്ടിയുടെ ശ്രദ്ധ മാറിയെന്ന് ജനങ്ങളെ വിശ്സിപ്പിക്കുന്നതിൽ ബിജെപി വിജയിച്ചു. ഈ കാരണം വോട്ടർമാർക്കിടയിൽ രണ്ടാമതൊരാലോചനയ്ക്ക് വഴിവച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരുടെ തോൽവി ഇതിനെ സാധൂകരിക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ‌ സത്യമായെന്നതിനപ്പുറം ദില്ലി ഇന്ന് കണ്ടത് വലിയ രാഷ്ട്രീയ അട്ടിമറിയാണ്. മൂന്നാം തവണയും രാജ്യഭരണം നേടിയ മോദി സർക്കാരിനും ബിജെപിക്കും പത്തിരട്ടി ആത്മവിശ്വാസം നൽകുന്നതാണ് തലസ്ഥാനത്തെ ഈ മഹാ വിജയം.

ദില്ലിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് ബിജെപി; ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്