
ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ച സംഭവത്തിൽ തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ അടക്കം 3 പേർക്ക് സമൻസ്. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർദ്ധനും സമൻസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സൗകര്യപ്രദമായ ദിവസം ഹാജരാകാനാണ് താംബരം പൊലീസ് നിർദേശിച്ചിരിക്കുന്നത്. മോദി നാളെ നൈനാറുടെ പ്രചാരണത്തിനായി തിരുനെൽവേലിയിലെത്തുന്ന സാഹചര്യത്തിലാണ് സമൻസ്. അതേ സമയം ട്രെയിനിൽ നിന്നും പിടികൂടിയ പണവുമായി ബന്ധം ഇല്ലെന്ന് നൈനാർ വ്യക്തമാക്കിയിരുന്നു.
പിടിച്ചെടുത്ത പണവുമായി തനിക്ക് ബന്ധമില്ലെന്ന നൈനാർ നാഗേന്ദ്രന്റെ പ്രസ്താവന പൊലീസ് വിശ്വസിച്ചിരുന്നില്ല. കാരണം പ്രതികൾ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നൽകിയത് നൈനാരുടെ ലെറ്റർപാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാരുടെ ഹോട്ടലിൽ തങ്ങിയതും നൈനാറുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സി പി ഐ വ്യക്തമാക്കി. സംഭവത്തിൽ മൗനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരണം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam