യൂണിഫോമിട്ട് പിറന്നാള്‍ ആഘോഷത്തിനിടയില്‍ മദ്യപിച്ച പെണ്‍കുട്ടികളെ പുറത്താക്കി കോളേജ്

By Web TeamFirst Published Dec 30, 2019, 5:53 PM IST
Highlights

കോളേജിന് അകത്ത് വച്ചല്ല അവര്‍ മദ്യപിച്ചതെങ്കിലും അവര്‍ ഏത് കോളേജിലുള്ളവരാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും അതിനാലാണ് നടപടിയെന്ന് കോളേജ് അധികൃതര്‍ 

നാഗപട്ടണം(തമിഴ്നാട്): ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ചതിന് നാല് പെണ്‍കുട്ടികളെ പുറത്താക്കി. ആറ് ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുത്തത്. കോളേജില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള മയിലാടുംതുറൈ എന്ന ഗ്രാമത്തില്‍ വച്ചാണ് പെണ്‍കുട്ടികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിച്ചത്. ഈ ആഘോഷങ്ങള്‍ക്കിടെ ചിത്രീകരിച്ച വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 

ധര്‍മ്മപുരം അധിനം ആര്‍ട് കോളേജിന്‍റേതാണ് നടപടി. പെണ്‍കുട്ടികളില്‍ ഒരാളുടെ വീട്ടില്‍ വച്ചായിരുന്നു ആഘോഷം നടന്നത്. 
കോളേജ് യൂണിഫോമിലുള്ള മൂന്ന് വിദ്യാര്‍ത്ഥിനികളും സാധാരണ വസ്ത്രമണിഞ്ഞ ഒരു പെണ്‍കുട്ടിയേയും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവര്‍ക്കൊപ്പമിരുന്ന് ഒരു ആണ്‍കുട്ടി മദ്യപിക്കുന്നുണ്ട്. രണ്ടാമനാണ് ദൃശ്യങ്ങള്‍ എടുക്കുന്നത്. ഇവരുടെ അറിവോ അനുവാദമോ കൂടാതെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്തതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് കോളേജ് അധികൃതര്‍ വാദിക്കുന്നത്. 

ഇവര്‍ക്കൊപ്പം മദ്യപിച്ചത് കോളേജിലെ വിദ്യാര്‍ത്ഥിയല്ലെന്നാണ് വിവരം. തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് മദ്യപിക്കാന്‍ അനുവദനീയമായ പ്രായം 21 ആണ്. അടുത്ത കാലത്തായി ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മദ്യപാനം കൂടുന്നതായി കാണാറുണ്ട്.  എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കോളേജ് കടുത്ത നടപടി സ്വീകരിച്ചതെന്നാണ് സൂചന. 

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് നടപടിയെടുത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോളേജിന്‍റെ അന്തസിനേ കോട്ടം തട്ടുന്ന രീതിയില്‍ പെരുമാറിയതിനാണ് നടപടിയെന്നാണ് കോളേജില്‍ പുറത്തിറങ്ങിയ സര്‍ക്കുലര്‍ വിശദമാക്കുന്നത്. കോളേജിന് അകത്ത് വച്ചല്ല അവര്‍ മദ്യപിച്ചതെങ്കിലും അവര്‍ ഏത് കോളേജിലുള്ളവരാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും അതിനാലാണ് നടപടിയെന്നാണ് കോളേജ് അധികൃതര്‍ വിശദമാക്കുന്നത്. 

രക്ഷിതാക്കളുടെ അനുമതി ഇല്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പാര്‍ട്ടി ക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. കുട്ടികളുടെ നല്ല ഭാവിക്കായി ചില മൂല്യങ്ങള്‍ പുലര്‍ത്തുന്ന സ്ഥാപനമാണ് കോളേജെന്നും ഈ മൂല്യങ്ങള്‍ തകര്‍ക്കുന്നതായിരുന്നു പെണ്‍കുട്ടികളുടെ പെരുമാറ്റമെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. കഠിനമായ ശിക്ഷ നല്‍കിയില്ലെങ്കില്‍ അത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രിന്‍സിപ്പല്‍ വിശദമാക്കി. ഭാരതിദാസന്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ആഭ്യന്തര അന്വേഷണം നടത്താമെന്നല്ലാതെ നടപടികള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടില്ലെന്ന് ഭാരതിദാസന്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രതികരിച്ചു.  
 

click me!