
ഹൈദരാബാദ്: ഡെങ്കിപ്പനി ബാധിച്ച 15 ദിവസത്തിനിടെ കുടുംബത്തിലെ നാല് പേര്‍ മരിച്ചു. രക്ഷപ്പെട്ടത് നവജാത ശിശുമാത്രം. അച്ഛനും അമ്മയും ഉറ്റവരും നഷ്ടപ്പെട്ടതോടെ പിഞ്ചുകുഞ്ഞ് അനാഥനായി. സെക്കന്തരാബാദിലെ മഞ്ജേരിയയിലാണ് കണ്ണുനനയിക്കുന്ന സംഭവം.
കുഞ്ഞിന്‍റെ അമ്മ സോണി(28)ആണ് അവസാനം മരിച്ചത്. ചൊവ്വാഴ്ച പ്രസവത്തിന് ശേഷം ബുധനാഴ്ചയാണ് സോണിയും വിടപറഞ്ഞത്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സോണിയുടെ ഭര്‍ത്താവ് രാജഗട്ടുവാണ് ഒക്ടോബര്‍ 16ന് ഡെങ്കിപ്പനി ബാധിച്ച് ആദ്യം മരിച്ചത്. സ്വകാര്യ സ്കൂളിലെ അധ്യാപകനായിരുന്നു രാജഗട്ടു. ഡെങ്കിപ്പനി ബാധിച്ച രാജഗട്ടുവിനെ ആദ്യം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കരിം നഗറിലെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മരിച്ചത്. അഞ്ച് ദിവസത്തിന് ശേഷം രാജഗട്ടുവിന്‍റെ അച്ഛന്‍ രംഗയ്യയയും ഡെങ്കിബാധിച്ച് മരിച്ചു. ദീപാവലി ദിനത്തില്‍ സോണിയയുടെ മകള്‍ ശ്രീ വര്‍ഷിണിയും(6) ഡെങ്കി ബാധിച്ച് മരണത്തിന് കീഴടങ്ങി.
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതില്‍ തെലങ്കാന സര്‍ക്കാറിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ജനുവരിയില്‍ 85 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഇപ്പോള്‍ എങ്ങനെ 3800 പേര്‍ക്കായി എന്നും കോടതി ചോദിച്ചു. മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam