
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കുഞ്ഞിന്‍റെ അമ്മയുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് സംഘത്തിന്‍റെ കണ്ണിൽപ്പെടുകയായിരുന്നു. കുഞ്ഞിനെ ചിൽഡ്രൺസ് ഹോമിലേക്ക് മാറ്റി.
തൂത്തുക്കുടി പാളയംകോട്ട ക്ഷേത്രത്തിന് സമീപമാണ് കൈക്കുഞ്ഞിനെ വിൽക്കാൻ ശ്രമം നടന്നത്. തൂത്തുക്കുടി സൗത്ത് സോൺ പൊലീസിന്‍റെ പ്രത്യേക സംഘം പട്രോളിംഗ് നടത്തുന്നതിനിടെ കുഞ്ഞുമായി സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ കണ്ടെത്തുകയായിരുന്നു. ഇവരെ കൂട്ടി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികളാണ് കിട്ടിയത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ വിൽക്കാൻ കൊണ്ടുവന്നതാണെന്ന് സമ്മതിച്ചു. കുട്ടിയുടെ അമ്മ കോവിൽപ്പട്ടി സുബ്രഹ്മണ്യപുരം സ്വദേശി മാരീശ്വരി, മാരീശ്വരിയുടെ അമ്മ അയ്യമ്മാൾ, കുട്ടിയെ വിൽക്കാൻ ഇടനില നിന്ന ഡിഎൻഎസ്പി കോളനിയിലെ മാരിയപ്പൻ, വികെ നഗർ സ്വദേശി സൂരിയമ്മ എന്നിവരാണ് പിടിയിലായത്.
അമ്പതിനായിരം രൂപ വാങ്ങി കുട്ടിയെ വിൽക്കാനായിരുന്നു ശ്രമമെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഭർത്താവുമായി പിണങ്ങി കഴിയുന്ന മാരീശ്വരിയുടെ അരക്ഷിതാവസ്ഥ ഇടനിലക്കാർ മുതലെടുക്കാൻ ശ്രമിച്ചതായാണ് പൊലീസിന്‍റെ നിഗമനം. കുഞ്ഞിനെ സർക്കാർ ചിൽഡ്രൺസ് ഹോമിലേക്ക് മാറ്റി. ഇവർ ഇതിന് മുമ്പും ഇത്തരത്തിൽ കുട്ടികളെ വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുട്ടിയ വാങ്ങാൻ ശ്രമിച്ച ദമ്പതികളുടെ വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam