
ബിജ്‍നോര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ 48 പേര്‍ക്ക് ജാമ്യം അനുവദിച്ച് ഉത്തര്‍പ്രദേശ് കോടതി. ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ബിജ്‍നോറില്‍ കഴിഞ്ഞ മാസം നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ദില്ലിയില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെയുള്ള ബിജ്‍നോറിലായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ഏറ്റവും അക്രമാസക്തമായത്.
ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ ഒരാള്‍ വെടിയേറ്റാണ് മരിച്ചതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കിയിരുന്നു. ബിജ്‍നോറില്‍ തന്നെ നാഗിന മേഖലയിലായി 83 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ആളുകള്‍ വലിയ തോതില്‍ ഒത്തുകൂടി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. പ്രകോപനം കൂടാതെ വാഹനങ്ങളും കടകളും ഇവര്‍ അടിച്ചുകര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പൊലീസിനും നേരെയും കല്ലെറിഞ്ഞെന്നും ഉത്തര്‍പ്രദേശ് പൊലീസ് എഫ്ഐആറില്‍ വിശദമാക്കുന്നു.
ബിജ്‍നോറിലെ അക്രമങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്ത 83 പേരില്‍ 48 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് രൂക്ഷമായ വിമര്‍ശനത്തോടെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊലീസിന് നേരെ ആള്‍ക്കൂട്ടം വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് വാദിക്കുന്നത്, എന്നാല്‍ ഇവരില്‍ നിന്നോ അക്രമം നടന്ന ഇടങ്ങളില്‍ നിന്നോ ആയുധങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് സാധിക്കാത്തതെന്താണെന്ന് കോടതി ചോദിച്ചു. വലിയ രീതിയില്‍ തീ വയ്പ് നടത്തിയെന്ന പൊലീസ് വാദം സാധൂകരിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് കുറഞ്ഞത് അക്രമം നടന്ന് 20 ദിവസങ്ങള്‍ കഴിഞ്ഞാണ് തയ്യാറാക്കിയിട്ടുള്ളതെന്നും കോടതി വിലയിരുത്തി. 13 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് വാദിക്കുന്നത് എന്നാല്‍ ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ക്കേറ്റിട്ടുള്ള പരിക്ക് നിസാരമാണെന്നു കോടതി കണ്ടെത്തിയെന്ന് ദേശീയ മാധ്യമമായ എന്‍ടി ടിവി റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഉത്തര്‍ പ്രദേശിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായി യോഗി സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത്തിൽ ഉത്തർപ്രദേശിൽ 18 പേരാണ് മരിച്ചത്. മീററ്റിൽ മാത്രം നാലു പേരാണ് മരിച്ചത്. കാൺപൂരിൽ പോലീസ് റിവോൾവർ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങൾ നല്കിയിട്ടും. പോലീസ് വെടിവച്ചിട്ടില്ല എന്ന നിലപാടിൽ യുപി ഡിജിപി ഉറച്ച് നിന്നത് വിവാദമായിരുന്നു. അതേസമയം ബിജ്നോറിൽ ഇരുപത്കാരനായ മൊഹമ്മദ് സുലൈമാൻ നാടൻ തോക്കുപയോഗിച്ച് പൊലീസുകാരനായ മൊഹിത്കുമാറിനെ വെടിവച്ചപ്പോൾ ആത്മരക്ഷയ്ക്ക് റിവോൾവർ ഉപയോഗിച്ചെന്നായിരുന്നു വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam