ബാറ്ററി കാറും ഓടിച്ച് അഞ്ച് വയസ്സുകാരന്‍ തിരക്കുള്ള റോഡിലേക്ക്; പിന്നെ സംഭവിച്ചത്

By Web TeamFirst Published Feb 27, 2019, 9:37 AM IST
Highlights

വളരെ ചെറിയൊരു കാറാണ് കുട്ടിയുടേത്. പെട്ടെന്ന് ആര്‍ക്കും തന്നെ വാഹനം കാണാനും സാധിക്കില്ല. ഭാ​ഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നതെന്ന് ട്രാഫിക് എസ്‌ഐ  ജഗന്നാഥ് റെഡ്ഡി പറഞ്ഞു.

വിജയവാഡ: ബാറ്ററി കാറും ഓടിച്ച് തിരക്ക് നിറഞ്ഞ റോഡിലെത്തി അഞ്ച് വയസ്സുകാരൻ. വിജയവാഡയിലെ ബെന്‍സ് സര്‍ക്കിളിലുള്ള തിരക്കേറിയ ജംഗ്ഷന് സമീപമായിരുന്നു സംഭവം. സതീഷ് എന്ന അഞ്ചു വയസ്സുകാരനാണ് തന്‍റെ കുഞ്ഞി കാറുമായി റോഡിൽ രംഗപ്രവേശനം ചെയ്തത്. നീല കാറില്‍ എത്തിയ ഈ കുട്ടിക്കുറുമ്പന്‍ കാരണം വലിയ ട്രാഫിക് ബ്ലോക്കാണ് പ്രദേശത്തുണ്ടായത്.

ബെന്‍സ് സര്‍ക്കിളിന് സമീപമുള്ള കോളനിയിലാണ് സതീഷിന്റെ വീ‍ട്. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ താണ്ടിയാണ് കുട്ടി ബെന്‍സ് സര്‍ക്കിളില്‍ എത്തിച്ചേർന്നത്. അതേസമയം മകന്‍ കാറും എടുത്ത് പുറത്തു പോയത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് സതീഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പ്രദേശത്ത് എത്തിച്ചേര്‍ന്ന ട്രാഫിക് എസ്‌ഐ  ജഗന്നാഥ് റെഡ്ഡി കുട്ടിക്ക് പ്രശ്‌നങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ഓട്ടോയിൽ വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

'ബാറ്ററി കാറും ഒടിച്ച് 9.15നും 9.30നും ഇടക്കാണ് സതീഷ് ബെൻസ് സർക്കിളിൽ എത്തിയത്. ജ്യോതി മഹല്‍ തീയറ്ററിന് സമീപം വണ്ടി നർത്തുകയായിരുന്നു. ഇതോടെ പ്രദേശത്ത് വലിയ തോതിൽ ബ്ലോക്കുണ്ടായി. തുടർന്ന് കാറിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാത്ത സതീഷിനെ നിർബന്ധിച്ച് ഒട്ടോയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു'- ജഗന്നാഥ് റെഡ്ഡി പറഞ്ഞു. വളരെ ചെറിയൊരു കാറാണ് കുട്ടിയുടേത്. പെട്ടെന്ന് ആര്‍ക്കും തന്നെ വാഹനം കാണാനും സാധിക്കില്ല. ഭാ​ഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയും ദൂരം കുട്ടി വണ്ടി ഓടിച്ചു വന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ആകാംഷ തോന്നുകയാണ്. അതും ഇത്രയും തിരക്കേറിയ റോഡില്‍- ഡിസിപി രവി ശങ്കര്‍ പറഞ്ഞു.  കുട്ടികൾ കളിക്കുന്ന സമയത്ത് അവരെ നിരീക്ഷിക്കണമെന്ന് ഡിസിപി സതീഷിന്റെ മാതാപിതാക്കളെ  ഉപദേശിക്കുകയും ചെയ്തു.

click me!