പ്രൊഫസറുടെ 'ഉപദ്രവം' സഹിക്കാനാവുന്നില്ല, പരിഹാരം വേണം; മുഖ്യമന്ത്രിക്ക് അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുടെ കത്ത്

Published : Jan 08, 2024, 06:52 PM IST
പ്രൊഫസറുടെ 'ഉപദ്രവം' സഹിക്കാനാവുന്നില്ല, പരിഹാരം വേണം; മുഖ്യമന്ത്രിക്ക് അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുടെ കത്ത്

Synopsis

വിദ്യാര്‍ത്ഥിനികളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുക, അവരെ ബാത്ത്റൂമിലേക്ക് വിളിച്ചുകൊണ്ട്പോയി സ്വകാര്യ ഭാഗങ്ങളില്‍ സ്‍പര്‍ശിക്കുകയും മറ്റ് അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുക തുടങ്ങിയവയെല്ലാം പരാതിയില്‍ പറയുന്നുണ്ട്. 

ചണ്ഡിഗഡ്: കോളേജ് പ്രൊഫസറുടെ ലൈംഗിക ചൂഷണത്തില്‍ പൊറുതിമുട്ടിയെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്  അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുടെ കത്ത്. ഹരിയാനയില്‍ സിര്‍സയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ് ചൗധരി ദേവി ലാല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

മുഖ്യമന്ത്രി എം.എല്‍ ഖട്ടറിന് പുറമെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അജ്മീര്‍ സിങ് മാലിക്, ഹരിയാന ഗവര്‍ണര്‍ ബന്ധാരു ദട്ടാത്രേയ, ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും പരാതിയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് പരാതികള്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം. 

പ്രൊഫസറുടെ അശ്ലീല പ്രവൃത്തികള്‍ കാരണം സഹികെട്ടിരിക്കുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിനികളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുക, അവരെ ബാത്ത്റൂമിലേക്ക് വിളിച്ചുകൊണ്ട്പോയി സ്വകാര്യ ഭാഗങ്ങളില്‍ സ്‍പര്‍ശിക്കുകയും മറ്റ് അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുക തുടങ്ങിയവയെല്ലാം പരാതിയില്‍ പറയുന്നുണ്ട്. പ്രതികരിക്കുമ്പോള്‍ മോശം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപിക്കുന്നു.

മാസങ്ങളായി ഇത് നടന്നുവരികയാണെന്നും, അധ്യാപകന്‍ താനൊരു മാന്യനാണെന്ന വ്യാജ പ്രതിച്ഛായ സൃഷ്ടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും കുട്ടികള്‍ ആരോപിക്കുന്നു. യാഥാര്‍ത്ഥ്യം പക്ഷേ മറ്റൊന്നാണ്. വൈസ് ചാന്‍സിലര്‍ തങ്ങളെ മനസിലാക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം തങ്ങളെ പുറത്താക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പരീക്ഷകളില്‍ നല്ല മാര്‍ക്ക് വാഗ്ദാനം ചെയ്ത് പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ വൈസ് ചാന്‍സലര്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.

പേര് വെളിപ്പെടുത്താത്ത കുട്ടികളുടെ പേരിലുള്ള പരാതി ലഭിച്ചതായി സര്‍വകലാശാലാ രജിസ്ട്രാര്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍വകലാശാലയ്ക്കും സ്വന്തം സംവിധാനമുണ്ട്. ഗുരുതരമായ ആരോപണമാണ്. കത്തില്‍ പേരുകളൊന്നും ഇല്ലെങ്കിലും തങ്ങള്‍ അന്വേഷിക്കുകയാണെന്നും രജിസ്ട്രാര്‍ പറഞ്ഞു.  അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസും അറിയിച്ചു. ചില വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?