
ദില്ലി: ദില്ലി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കും ശ്വാസകോശത്തിനുമേറ്റ ആഴമേറിയ മുറിവുകളാണ് മരണകാരണം. അങ്കിതിന്‍റെ ശരീരത്തില്‍ 51 മുറിവുകൾ
ഉണ്ടായിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൂർച്ചയേറിയ ആയുധമേറ്റുള്ള 12 മുറിവുകളും ദണ്ഡ് ഉപയോഗിച്ചുള്ള മർദനത്തിലുണ്ടായ 33 മുറിവുകളും അങ്കിത് ശർമയുടെ ശരീരത്തില്‍ കണ്ടെത്തി. മുറിവുകളില്‍ നിന്ന് വലിയ അളവില്‍ രക്തം വാർന്നതാണ് മരണത്തിനിടയാക്കിയത്. മര്‍ദ്ദനത്തില്‍ തലക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റു. എല്ലാമുറിവുകളും മരണത്തിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കലാപം നടന്ന 25 ന് വൈകുന്നേരത്തോടെ ചാന്ദ്ബാഗിലെ വീട്ടില്‍ നിന്ന് പുറത്തുപോയ അങ്കിത് ശർമ തിരിച്ചെത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ അഴുക്ക്ചാലില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കലാപ സ്ഥലത്തെത്തിയ അങ്കിത് ശര്‍മ്മയെ ഒരു സംഘം ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍റെ കെട്ടിടത്തിലെത്തിച്ച് മര്‍ദ്ദിച്ചവശനാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു.
കേസില്‍ ആരോപണവിധേയനായതോടെ താഹിർ ഹുസൈനെ ആം ആദ്മി പാർട്ടി പുറത്താക്കിയിരുന്നു. ഇയാൾ പിന്നീട് അറസ്റ്റിലായി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി ഇന്ന് പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam