കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; 19 മരണം, നിരവധി പേർക്ക് പരിക്ക്

By Web TeamFirst Published Feb 20, 2020, 6:23 AM IST
Highlights

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്ത് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.

പാലക്കാട്: കോയമ്പത്തൂർ അവിനാശിയിൽ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾ ഉള്‍പ്പടെ 19 പേർ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസും എറണാകുളത്ത് നിന്ന് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. Kl 15 A 282 ബസാണ് അപകടത്തില്‍പ്പെട്ടത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലായിരുന്ന കണ്ടെയ്നർ ലോറി ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് കെഎസ്ആർടിസി സംഘം വിലയിരുത്തുന്നത്. പാലക്കാട് നിന്നുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഏഴ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് വിവരം. വാഹനം വെട്ടിപ്പൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

അപകടത്തിൽപ്പെട്ട ബസ് ഫെബ്രുവരി 17 നാണ് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് പോയത്. ബസ് 18 വൈകിട്ട് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, യാത്രക്കാർ ഇല്ലാത്തതിനാൽ ഇന്നലെ രാത്രി ആണ് തിരിച്ചത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക്‌ ചെയ്തിരുന്നു. 

click me!