
ദില്ലി: ഛത്തീസ്ഗഡിലും മിസോറാമിലും ആദ്യഘട്ട പോളിംഗ് പൂർത്തിയായതോടെ കണക്കുകൂട്ടലുകളുമായി രാഷ്ട്രീയ പാർട്ടികൾ. ഛത്തീസ്ഗഡില്‍ 70.78 ശതമാനമാണ് നിലവിലെ പോളിംഗ് നില. നാളെയോടെയായിരിക്കും പോളിംഗ് നില സംബന്ധിച്ച പൂര്‍ണ്ണമായ കണക്ക് പുറത്തുവരുകയുള്ളു. കഴിഞ്ഞ തവണ അവസാന കണക്ക് പ്രകാരം 76.78 ശതമാനമായിരുന്നു പോളിംഗ്. ഛത്തീസ്ഗഡിൽ ആദ്യഘട്ട പോളിംഗിനിടെ മൂന്നിടങ്ങളിൽ ആക്രമണം ഉണ്ടായി. വോട്ടെടുപ്പ് തടയാൻ ശ്രമിച്ച മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടി. ഭേദപ്പെട്ട പോളിംഗാണ് ഇരുപത് മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത്.
കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നതെങ്കിലും മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയിൽ ബൂത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൂറിലധികം രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ കൂട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രണ്ടാം ഘട്ട പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. വാശിയേറിയ പ്രചാരണത്തിന് പിന്നാലെയാണ് ഛത്തീസ്ഗഢിലെ ഇരുപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡ്രോൺ സുരക്ഷ അടക്കം സുരക്ഷക്ക് ഉപയോഗിച്ചിരുന്നു.
ഛത്തീസ്ഗഡിന് സമാനമായി മിസോറാമിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. നിലവിലെ കണക്ക് പ്രകാരം 70ശതമാനമാണ് മിസോറാമിലെ പോളിംഗ്. മിസോറാമിലെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍സ് മൂവ്മെന്‍റ്, കോണ്‍ഗ്രസ്, ബിജെപി, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് മിസോറമില്‍ മത്സരരംഗത്തുള്ളത് . മണിപ്പൂര്‍ കലാപം മിസോറം ഫലത്തില്‍ പ്രതിഫലിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി സൊറംതൊംഗയടക്കമുള്ള പ്രമുഖരുടെ നിര മത്സര രംഗത്തുണ്ട്.
ഛത്തീസ്ഗഡില്‍ ബിജെപിക്ക് വിജയം 100% ഉറപ്പെന്ന് മുൻ മുഖ്യമന്ത്രി ഡോ.രമൺ സിങ്
ഛത്തീസ്ഗഢിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി ഇരുപതിൽ പതിനാല് സീറ്റു നേടുമെന്ന് മുൻ മുഖ്യമന്ത്രി ഡോ.രമൺ സിങ് അവകാശപ്പെട്ടു. ഛത്തീസ്ഗഢിൽ ബിജെപിക്ക് വിജയം നുറുശതമാനം ഉറപ്പാണെന്നും രമൺ സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.ബി ജെ പി അധികാരത്തിൽ എത്തിയാൽ ആരാണ് മുഖ്യമന്ത്രിയെന്ന് എംഎൽഎമാർ തീരുമാനിക്കുമെന്നും ഞാൻ മുഖ്യമന്ത്രിയാകുമോയെന്നതിൽ ഇപ്പോൾ തീരുമാനമില്ലെന്നും
രമൺ സിങ് വിശദീകരിച്ചു. സംസ്ഥാന രൂപീകരണത്തിന് ശേഷം പതിനഞ്ച് വർഷം ബിജെപിയെ നയിച്ച രമൺസിങ്ങിന് അടിപതറിയത് 2018 ൽ ഭൂപേഷ് ബാഗേലിന് മുന്നിലായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം വൈകിയാണെങ്കിലും രമൺ സിങ്ങിനെ തന്നെ മുഖമാക്കിയാണ് ബിജെപി ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ബിജെപിക്കെതിരെ ജനവികാരമുണ്ട് എന്ന സർവ്വെ ഫലങ്ങൾ രമൺസിംഗ് തള്ളിക്കളഞ്ഞു.
ഛത്തീസ്ഗഢ് വിധിയെഴുതുന്നു, ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്, മാവോയിസ്റ്റ്- നക്സൽ മേഖല, വൻ സുരക്ഷാ സന്നാഹം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam