
കനൗജ്: ഉത്തർപ്രദേശിൽ വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മദർപൂർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിൽ രസഗുള കഴിച്ച 70 ഓളം പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കമുള്ളവർ നിരീക്ഷണത്തിലാണെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗരിമ സിംഗ് പറഞ്ഞു.
വിവാഹ വിരുന്നിലെ ഭക്ഷണം കഴിച്ച 200 ഓളം ആളുകളിൽ 70 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണത്തിന് ശേഷം രസഗുള കഴിച്ചതോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഛർദ്ദിച്ച് അവശരായ അർസൂ (1), യൂസഫ് (2), ഷിഫ (4), അസ്‌റ (5), സാസിയ (7), ഇർഫാൻ ഖാൻ (48), സുൽത്താൻ (52), റിയാസുദ്ദീൻ (55) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജില്ലാ ആശുപത്രിയിലെ എല്ലാ രോഗികളുടെയും നില തൃപ്തികരമാണെന്നും ചിലരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ശക്തി ബസു പറഞ്ഞു. വിരുന്നിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും രസഗുള കഴിച്ചിരുന്നു. ഇവർക്കെല്ലാം ശീരീക അസ്വസ്ഥതകളുണ്ടായെന്നും വിവധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Read More : 20 വർഷത്തെ അജ്ഞാതവാസം, ഒടുവിൽ വീണ്ടും ഗുരുവായൂരെത്തി, പരിചയക്കാരൻ കണ്ടു; കൊലക്കേസ് പ്രതി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam