
ദില്ലി : മണിപ്പൂർ കലാപത്തിനിടെയുണ്ടായ കൂടുതല്‍ ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. കാക്ച്ചിങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിലിട്ട് തീ കൊളുത്തി കൊന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. കാക്ച്ചിങ്ങിലെ സെറൗലിൽ കഴിഞ്ഞ മെയ് 28 നാണ് ദാരുണ സംഭവമുണ്ടായത്. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ ചുരാചന്ദിന്റെ 80 വയസ്സുകാരിയായ ഭാര്യ ഇബിത്തോബിയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആദരിച്ച സ്വാതന്ത്ര സമര സേനാനിയായിരുന്നു ചുരാ ചന്ദ് സിംഗ്.
അക്രമകാരികള്‍ എത്തിയപ്പോള്‍ ഇബിത്തോബി വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വീട് പൂട്ടിയ സംഘം, പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. ആക്രമണം ചെറുക്കാൻ ശ്രമിച്ച യുവാവിന് നേരെയും വെടിയുതിർത്തുവെന്ന വിവരവും പുറത്ത് വന്നു.
മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളുടെയും കലാപത്തിന്റെയും വിവരങ്ങളാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് ക്രൂരതയുടെ നേർമുഖം കൂടുതൽ ദൃശ്യമാകുന്ന വിവരങ്ങൾ പുറത്തെത്തുന്നത്. ഇംഫാലില്‍ കാർ വാഷ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തോബാലില്‍ 45കാരിയുടെ നഗ്നമായ കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെടുത്തു.
സ്ത്രീകളെ നഗ്നരാക്കി നടത്തി, എഫ്ഐആർ ഇട്ട് രണ്ടുമാസത്തിന് ശേഷം മാത്രം അറസ്റ്റ്
മണിപ്പൂരിൽ ആടിയുലഞ്ഞ് ബിജെപി, കേസുകൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം
കൂട്ട ബലാൽസംഗങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സ്ത്രീസുരക്ഷയ്ക്കായി പദ്ധതികൾ നടപ്പാക്കിയെന്ന് അവകാശപ്പെട്ട മോദി സർക്കാരിനും മുഖം നഷ്ടപ്പെടുകയാണ്. ബലാൽസംഗക്കേസുകളിൽ എല്ലാം പരാതിയും എഫ്ഐആറും ഉണ്ടായിട്ടും സംസ്ഥാന സർക്കാരും മണിപ്പൂരിൻറെ ക്രമസമാധാന ചുമതല പരോക്ഷമായി ഏറ്റെടുത്ത കേന്ദ്രവും അകമികൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. വിഡിയോ പുറത്തു വന്നതിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക രേഷമാണ് മോദി സർക്കാർ നേരിടുന്നത്. ഈ രോഷം കണ്ടില്ലെന്ന് നടിക്കരുത് എന്ന നിലപാട് പല ബിജെപി നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വിഡിയോ പുറത്തുവന്നത് ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിലപാടിനോട് നാഗാ പീപ്പിൾസ് ഫ്രണ്ട് പോലുള്ള ബിജെപിയുടെ സഖ്യകക്ഷികൾക്കും വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് മണിപ്പൂരിൽ രജിസ്റ്റർ ചെയത് ആറായിരം കേസുകൾ അടിയന്തരമായി പരിശോധിക്കാനുള്ള നിർദ്ദേശം കേന്ദ്രം നല്കിയത്. ദേശീയ വനിത കമ്മീഷൻ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കു മേലും സമ്മർദ്ദം ശക്തമാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam