826 കോടി രൂപയുടെ വായ്പ തട്ടിപ്പ്; എംപിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

By Web TeamFirst Published Oct 8, 2020, 4:53 PM IST
Highlights

എംപിയുടെ കുടുംബാംഗങ്ങളും ഇന്‍ഡ്-ഭാരത് തെര്‍മല്‍ പവര്‍ ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട 10 പേര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. എംപിക്ക് പുറമെ, ഭാര്യ, മകള്‍ എന്നിവരും പ്രതികളാണ്.
 

ഹൈദരാബാദ്: 826 കോടി രൂപ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ വൈഎസ്ആര്‍ വിമത എംപി കെ രഘുരാമ കൃഷ്ണം രാജുവിന്റെ വസതികളിലും മറ്റ് സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്. പഞ്ചാബ് നാഷണല്‍ ബാങ്ക് നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് കേസ്. 

ഹൈദരാബാദ്, മുംബൈ അടക്കമുള്ള 11 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. എംപിയുടെ കുടുംബാംഗങ്ങളും ഇന്‍ഡ്-ഭാരത് തെര്‍മല്‍ പവര്‍ ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട 10 പേര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. എംപിക്ക് പുറമെ, ഭാര്യ, മകള്‍ എന്നിവരും പ്രതികളാണ്. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്-ഭാരത് തെര്‍മല്‍ പവര്‍ പ്ലാന്റ് എന്ന കമ്പനിയുടെ പേരിലാണ് വന്‍തുക വായ്പയെടുത്തത്.

കമ്പനി പിന്നീട് തൂത്തുക്കുടിയിലേക്ക് മാറി. വായ്പ തുക വകമാറ്റി ചെലവഴിക്കുകയും ബാങ്കിനെ കൊള്ളയടിക്കുകയും ചെയ്‌തെന്നാണ് കേസ്. 2019ലും എംപിക്കെതിരെ 926 കോടിയുടെ വായ്പാ തട്ടിപ്പില്‍ സിബിഐ റെയ്ഡ് നടത്തിരുന്നു.
 

click me!