
ബെംഗളൂരു: ഹിജാബ് (Hijab) സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ (Karnataka) കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരുവില്‍ രണ്ടാഴ്ച്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നിരോധനാജ്ഞ നിലനില്‍ക്കേ ശിവമൊഗ്ഗയിലും ദാവന്‍കരയിലും വീണ്ടും പ്രതിഷേധ റാലികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. സംഘം തിരിഞ്ഞ് നഗരത്തിലൂടെ റാലിക്കൊരുങ്ങിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഹൈസ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ബെംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടം ചേരുന്നതിന് രണ്ടാഴ്ചത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
അതേസമയം ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് കർണാടക സർക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹിജാബ് നിരോധനം തടയണമെന്നുള്ള വിദ്യാര്‍ത്ഥിനികളുടെ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കും. അതുവരെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ശിവമാെഗ്ഗ സര്‍ക്കാര്‍ കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ കാവികൊടി കോണ്‍ഗ്രസ് അഴിച്ചുമാറ്റി, പകരം ദേശീയ പതാക ഉയര്‍ത്തി. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്‍റെ ആരോപണം.
ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയില്‍ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കാരിന് കത്ത് നല്‍കി. ഹിജാബ് നിരോധനത്തെ അപലപിച്ച് മലാല യൂസഫ്സായ് പ്രിയങ്ക ഗാന്ധി അടക്കം നിരവധി പേര്‍ രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam