വോട്ടിംഗ് മെഷീനുകൾ സ്ട്രോംഗ് റൂമിലെത്തിയില്ലെന്ന് ആംആദ്മി, പോളിംഗ് ഓഫീസർമാർ കൈവശം വച്ചെന്ന് ആരോപണം

By Web TeamFirst Published Feb 8, 2020, 11:23 PM IST
Highlights

ഇലക്ട്രാണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്ക് ആം ആദ്മി എംഎൽഎമാരും പാർട്ടി പ്രവർത്തകരും കാവലിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം നടന്നേക്കുമെന്ന് ആം ആദ്മി നേതാക്കൾക്ക് ഭയമുണ്ട്

ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം ദില്ലിയിൽ ചിലയിടത്ത് പോളിംഗ് ഓഫീസർമാർ മെഷീനുകൾ സ്ട്രോംഗ് റൂമിലേക്ക് കൈമാറിയില്ലെന്ന് ആം ആദ്മി പാർട്ടി. സീൽ ചെയ്ത വോട്ടിംഗ് മെഷീനുകൾ സ്ട്രോംഗ് റൂമിലേക്കയക്കാതെ  ചിലയിടങ്ങളിൽ പോളിംഗ് ഓഫീസർമാർ കൈവശം വച്ചിരിക്കുന്നുവെന്ന് 'ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു.

ഇലക്ട്രാണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്ക് ആം ആദ്മി എംഎൽഎമാരും പാർട്ടി പ്രവർത്തകരും കാവലിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം നടന്നേക്കുമെന്ന് ആം ആദ്മി നേതാക്കൾക്ക് ഭയമുണ്ട്. അതേസമയം ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബിജെപി ദില്ലി അധ്യക്ഷ സ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ പുറത്താക്കുമെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ദില്ലിയിൽ ആം ആദ്മി സർക്കാരിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആംആദ്മി പാർട്ടിയുടെ തുടർ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ബിജെപി, ആം ആദ്മി പാർട്ടികൾ അടിയന്തിര നേതൃയോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു.

click me!