ടിക്കറ്റില്ലാതെ ഇരച്ചുകയറി, തിങ്ങിനിറഞ്ഞ് എസി കോച്ച്; ട്രെയിൻ തടഞ്ഞ് യാത്രക്കാരുടെ പ്രതിഷേധം, ഇടപെട്ട് റെയിൽവേ

Published : Jan 02, 2024, 01:50 PM ISTUpdated : Jan 02, 2024, 01:53 PM IST
ടിക്കറ്റില്ലാതെ ഇരച്ചുകയറി, തിങ്ങിനിറഞ്ഞ് എസി കോച്ച്; ട്രെയിൻ തടഞ്ഞ് യാത്രക്കാരുടെ പ്രതിഷേധം, ഇടപെട്ട് റെയിൽവേ

Synopsis

ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതോടെ ടിടിഇ അപ്രത്യക്ഷനായെന്ന് ദൃശ്യം പങ്കുവെച്ചയാള്‍

ദില്ലി: തിങ്ങിനിറഞ്ഞ ട്രെയിനുകള്‍ നമ്മളെ സംബന്ധിച്ച് പതിവുകാഴ്ചയാണ്. പല ട്രെയിനുകളിലും ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളുടെ എണ്ണം കുറച്ചതോടെ സാധാരണക്കാരെ സംബന്ധിച്ച് ട്രെയിന്‍ യാത്ര ദുരിത യാത്രയാണ്. അതിനിടെ ടിക്കറ്റെടുക്കാതെ എസി കോച്ചില്‍ യാത്ര ചെയ്യുന്ന പ്രവണത കൂടി വരുന്നുണ്ട്. അത്തരമൊരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. 

ത്രീ ടയർ എസി കോച്ചിൽ ടിക്കറ്റിലാതെ കൂട്ടത്തോടെ കയറിയവരുടെ വീഡിയോ ആണ് പുറത്തുവന്നത്. എസി കോച്ച് തിങ്ങിനിറഞ്ഞ അവസ്ഥയിലായി. അജ്മീർ - ഡൽഹി റൂട്ടിലോടുന്ന ചേതക് എക്‌സ്പ്രസിലെ ദൃശ്യമാണ് പുറത്തുവന്നത്. ബർത്തുകൾക്കിടയിലുള്ള നേരിയ പാസേജ് ടിക്കറ്റില്ലാത്തവരെ കൊണ്ട് തിങ്ങിനിറഞ്ഞു. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ചിലര്‍ തറയില്‍ ഇരുന്നപ്പോള്‍ ചിലര്‍ നില്‍ക്കുന്നത് കാണാം. ഇതോടെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ ബുദ്ധിമുട്ടിലായി എന്നാണ് പരാതി. ഖാട്ടു ശ്യാം ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകര്‍ ഇറങ്ങുന്ന രാജസ്ഥാനിലെ റിംഗാസ് റെയിൽവേ സ്റ്റേഷനിലാണ് അമിതമായ തിരക്ക് അനുഭവപ്പെട്ടത്.

ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതോടെ ടിടിഇ അപ്രത്യക്ഷനായെന്ന് ദൃശ്യം പങ്കുവെച്ചയാള്‍ കുറിച്ചു. ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് എസി കോച്ചും ടിക്കറ്റില്ലാത്തവര്‍ കയ്യേറിയെന്ന് യാത്രക്കാര്‍ പറയുന്നു. എന്നാൽ ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ടിടിഇ ഒന്നും ചെയ്തില്ലെന്നാണ് പരാതി. ഇതോടെ രോഷാകുലരായ യാത്രക്കാര്‍ പുറത്തിറങ്ങി ഗുരുഗ്രാമിലെ റെയിൽവേ ട്രാക്കിൽ പ്രതിഷേധിച്ചു. ഏതാണ്ട് അര മണിക്കൂറോളം പ്രതിഷേധം തുടര്‍ന്നു. പിന്നാലെ റെയില്‍വെ ഉദ്യോഗസ്ഥരെത്തിയാണ് രംഗം ശാന്തമാക്കിയത്. രാത്രി 8.40ന് യാത്ര പുനരാരംഭിച്ചെന്ന് ഗുരുഗ്രാമിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ ഷിയോതാജ് സിംഗ് പറഞ്ഞു.

പുഷ്-പുൾ സാങ്കേതികവിദ്യ, കുലുക്കമില്ലാത്ത യാത്ര, 130 കി.മീ വേഗത; അമൃത് ഭാരത് ട്രെയിനിന്‍റെ പ്രത്യേകതകളിതാ...

കഴിഞ്ഞ മാസം മഹാനന്ദ എക്സ്പ്രസില്‍ നിന്നും സമാന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂടുതല്‍ പണം നൽകി എസി ടിക്കറ്റെടുത്തിട്ടും സുരക്ഷയോ സുഖകരമായ യാത്രയോ റെയിൽവേ ഉറപ്പാക്കുന്നില്ലെന്നാണ് പരാതി. ദില്ലിയിൽ നിന്ന് അലിപൂർ ദുവാർ ജംഗ്ഷനിലേക്ക് ഓടുന്ന തീവണ്ടിയാണ് മഹാനന്ദ എക്സ്പ്രസ്.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം