സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ജീന്‍ ഡ്രീസിനെ ജാര്‍ഖണ്ഡ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു,വിട്ടയച്ചു

By Web TeamFirst Published Mar 28, 2019, 1:55 PM IST
Highlights

പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിലെ ഗാര്‍വയില്‍ നിന്ന്‌ നാല്‌പത്‌ കിലോമീറ്റര്‍ അകലെ വച്ചാണ്‌ ജീന്‍ ഡ്രീസിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌

റാഞ്ചി: പ്രശസ്‌ത സാമ്പത്തികശാസ്‌ത്രജ്ഞനും സാമൂഹ്യപ്രവര്‍ത്തകനുമായ ജീന്‍ ഡ്രീസിനെ ജാര്‍ഖണ്ഡ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അധികൃതരുടെ അനുവാദം കൂടാതെ പൊതുപരിപാടി സംഘടിപ്പിച്ചെന്നാരോപിച്ചാണ്‌ നടപടി .

പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിലെ ഗാര്‍വയില്‍ നിന്ന്‌ നാല്‌പത്‌ കിലോമീറ്റര്‍ അകലെ വച്ചാണ്‌ ജീന്‍ ഡ്രീസിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ജില്ലാ അധികാരികളുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയാണ്‌ ജീനും സംഘവും പൊതുപരിപാടി സംഘടിപ്പിച്ചതെന്നാണ്‌ ബിഷ്‌ണുപൂര്‌ പൊലീസിന്റെ ആരോപണം. ജീനും സംഘവും തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ്‌ പോലീസ്‌ അറിയിച്ചത്‌. ചോദ്യം ചെയ്യലിന്‌ ശേഷം ജീനിനെയും കൂടെ കസ്‌റ്റഡിയിലെടുത്ത രണ്ട്‌ പേരെയും പൊലീസ്‌ വിട്ടയച്ചു. ജാമ്യമെടുക്കില്ലെന്ന്‌ ഉറച്ച നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ പൊലീസ്‌ ജീനിനെ വിട്ടയച്ചതെന്നാണ്‌ വിവരം. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ്‌ സൂചന. .

ജീനിനെപ്പോലൊരാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന്‌ രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവ്‌ ട്വീറ്റ്‌ ചെയ്‌തു. അത്രത്തോളം അപമാനകരമായ പ്രവര്‍ത്തി വേറെയില്ലെന്നും യോഗേന്ദ്ര യാദവ്‌ പറഞ്ഞു.

വിശപ്പ്‌,ദാരിദ്ര്യം, ലിംഗസമത്വം, കുട്ടികളുടെ ആരോഗ്യം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ്‌ ജീന്‍ ഡ്രീസിന്റെ പ്രവര്‍ത്തനം. തൊഴിലുറപ്പ്‌ പദ്ധതി എന്ന ആശയം ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. ഡല്‍ഹി സ്‌കൂള്‍ ഓഫ്‌ എക്കണോമിക്‌സിലും റാഞ്ചി സര്‍വ്വകലാശാലയിലും അധ്യാപകനാണ്‌ ജീന്‍. സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവ്‌ അമര്‍ത്യസെന്നുമായി ചേര്‍ന്ന്‌ ഹംഗര്‍ ആന്റ്‌ പബ്ലിക്‌ ആക്ഷന്‍ എന്ന പുസ്‌കവും രചിച്ചിട്ടുണ്ട്‌.

click me!