പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തു: കർഷകർക്കെതിരെ പെപ്‌സികോയുടെ കേസ്; കേന്ദ്രം ഇടപെടണമെന്ന് സാമൂഹ്യപ്രവർത്തകർ

By Web TeamFirst Published Apr 25, 2019, 11:35 AM IST
Highlights

കർഷകർക്കെതിരെ നൽകിയ കള്ളക്കേസ് പിൻ‌വലിക്കാൻ കേന്ദ്ര സർക്കാർ പെപ്സിക്കോയോട് ആവശ്യപ്പെടണമെന്ന് കാണിച്ച് 194 സാമൂഹ്യപ്രവർത്തകരാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചത്. 

അഹമ്മദാബാദ്: ​ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ ​രം​ഗത്തെത്തി. കർഷകർക്കെതിരെ നൽകിയ കള്ളക്കേസ് പിൻ‌വലിക്കാൻ കേന്ദ്ര സർക്കാർ പെപ്സിക്കോയോട് ആവശ്യപ്പെടണമെന്ന് കാണിച്ച് 194 സാമൂഹ്യപ്രവർത്തകരാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചത്. 

കമ്പനിക്ക് മാത്രം ഉത്പാ​ദിപ്പിക്കാൻ അവകാശമുള്ള ഉരുളക്കിഴങ്ങുകൾ കൃഷി ചെയ്തെന്ന് ആരോപിച്ച് ആഹമ്മദാബാദ് കോടതിയിൽ ഫയൽ ചെയ്ത കേസ് പ്രകാരം നാല് കർഷകരിൽനിന്ന് ഓരോ കോടി വീതവും മൊഡാസ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഓരോ കർഷകരിൽനിന്ന് 20 ലക്ഷവുമാണ് നഷ്ടപരിഹാരമായി കമ്പനി ചോദിച്ചിരിക്കുന്നത്.  ഏപ്രിൽ 26-ന് അഹമ്മദാബാദ് കോടതിയിൽ കേസിൽ വാദം കേൾക്കുമെന്നും സാമൂഹ്യപ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

പ്രത്യേക ഇനത്തില്‍പ്പെട്ട എഫ്സി-5 ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നാരോപിച്ച് ​ഗുജറാത്തിലെ ഒമ്പത് കർഷകർക്കെതിരെയാണ് പെപ്‌സികോ കേസ് നൽകിയത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനും ഉപയോ​ഗിക്കുന്നതിനുമുള്ള നിയമപരമായ അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സബര്‍കന്ദ, ആരവല്ലി എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോയുടെ നിയമ നടപടി. 

click me!