
ചെന്നൈ: മധുരയിൽ നടന്ന തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തെ തുടർന്ന് വിജയ്‍യെ പ്രശംസിച്ച് നടി കസ്തൂരി. സാമൂഹിക മാധ്യമമായ എക്സിലാണ് ടിവികെ സമ്മേളനത്തിലെ വമ്പൻ ആൾക്കൂട്ടത്തെയും വിജയ്‍യുടെ ജനകീയ പ്രസംഗത്തെയും കുറിച്ച് കുറിപ്പ് പങ്കുവെച്ചത്. പവർഫുൾ പെർഫോമൻസ് എന്നും കസ്തൂരി എക്സിൽ കുറിച്ചു. കഴിഞ്ഞയാഴ്ചയാണ് കസ്തൂരി ബിജെപിയിൽ ചേർന്നത്. വിജയ്‍യെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ പരിഹാസവും വിമർശനവും രേഖപ്പെടുത്തിക്കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയിൽ ചേർന്നത് മറന്നോ എന്നും കമന്റുകളുണ്ട്.
തമിഴ്നാട്ടിൽ എഐഎഡിഎംകെ വോട്ടു ബാങ്ക് ലക്ഷ്യം വെച്ച് ടിവികെ സമ്മേളനത്തിൽ വിജയ് തീപ്പൊരി പ്രസംഗം നടത്തിയിരുന്നു. എംജിആർ സ്ഥാപിച്ച പാർട്ടി ഇപ്പോൾ നിയന്ത്രിക്കുന്നത് ആരെന്ന് ചോദിച്ച വിജയ് 2026ലെ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് സാധാരണ പ്രവർത്തകർക്ക് അറിയാമെന്നും പറഞ്ഞു. ഡിഎംകയും ടിവികെയും തമ്മിലാണ് മത്സരം എന്നും വിജയ് ആവർത്തിച്ചു. ബിജെപിയെയും ഡിഎംകെയെയും കടന്നാക്രമിച്ച വിജയ് 234 സീറ്റിലും താൻ ആണ് ടിവികെ സ്ഥാനാർഥി എന്നും പ്രഖ്യാപിച്ചു. താമരയിലയിൽ വെള്ളവും തമിഴ് മക്കളും ഒട്ടില്ലെന്നും ബിജെപിയെ വിമർശിച്ച് വിജയ് തുറന്നടിച്ചു. സ്റ്റാലിനെ അങ്കിൾ എന്ന് പരിഹസിച്ച വിജയ്, 2026ൽ ജനദ്രോഹ സർക്കാരിനെ വീട്ടിൽ ഇരുത്തും എന്നും പറഞ്ഞു.